
ആന്ധ്രാപ്രദേശ് ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി സവിത കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു ജേക്കബിനോടൊപ്പം ഫാക്ടറി സന്ദർശിച്ചപ്പോൾ.
കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും വന്‍ നിക്ഷേപം നടത്താന്‍ കേരളത്തില്‍ നിന്നുള്ള കിറ്റെക്‌സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശപ്രകാരം കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്ത് എത്തിയ ടെക്‌സ്‌റ്റൈല്‍ മന്ത്രി എസ്.സവിത കിറ്റെക്‌സ് എം.ഡി സാബു എം.ജേക്കബുവുമായി കൂടിക്കാഴ്ച നടത്തി.
.
കിറ്റെക്‌സിനെ ആന്ധ്രയിലേക്കും എത്തിക്കുകയാണ് ചന്ദ്രബാബു നായിഡുവിന്റെ ലക്ഷ്യം. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ മുന്‍പ് ഒന്നാമതായിരുന്നു ആന്ധ്ര. ആ സ്ഥാനം പിന്നീട് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ വീണ്ടും വ്യവസായ സംരംഭങ്ങളെ ആകര്‍ഷിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.ആന്ധ്രയില്‍ നിക്ഷേപം നടത്താന്‍ എല്ലാ സൗകര്യങ്ങളും മന്ത്രി സവിത ഉറപ്പ് നല്‍കി.സന്ദര്‍ശനത്തില്‍ വളരെ തൃപ്തി തോന്നിയെന്ന് മന്ത്രി സവിത പ്രതികരിച്ചു. നിക്ഷേപം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്താന്‍ മന്ത്രി ആവശ്യപ്പെട്ടു.ചന്ദ്ര ബാബു നായിഡുവുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താനാണ് ക്ഷണം.
ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഇന്ത്യക്ക് വലിയ സാധ്യതയാണുള്ളതെന്ന് സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇനി വ്യവസായം തുടരാന്‍ തനിക്കു താത്പര്യമില്ല. കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ മുന്നിലാണെന്നത് സംസ്ഥാനത്തെ വ്യവസായ മന്ത്രിയും സര്‍ക്കാരും മാത്രം പറയുന്നതാണ്. ഒരു വ്യവസായിയും അത്തരത്തില്‍ പറയില്ല. മനസമാധാനത്തിന് വേണ്ടിയാണു താന്‍ സംസ്ഥാനം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.3500 കോടി രൂപയാണ് തെലങ്കാനയില്‍ നിക്ഷേപിച്ചത്. സംസ്ഥാനം ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് അന്ന് തെലങ്കാനയിലേക്ക് പോയത്. ഇപ്പോള്‍ ആന്ധ്രയില്‍ നിന്ന് ക്ഷണം വന്നിരിക്കുന്നു. 2021ല്‍ കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കമ്പനി നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായി.
ആന്ധ്രാപ്രദേശിലെ നിക്ഷേപക അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനു കേരളത്തിലെ സംരംഭകരെ ക്ഷണിക്കാന്‍ വന്നിട്ടുള്ള മന്ത്രിയോടൊപ്പം ഹൈദരാബാദ് ഐഎസ്എന്‍ ഗ്രൂപ്പിലെ ബാലാജി റെഡ്ഡിയുമുണ്ട്. ആന്ധ്ര മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ചര്‍ച്ച നടത്തുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലോത്തിങ് നിര്‍മ്മാതാക്കളായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് കമ്പനി കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫോക്കസ് മാറ്റിയത് വാര്‍ത്തയായിരുന്നു.അതേസമയം ആന്ധ്രാപ്രദേശില്‍ നിക്ഷേപം നടത്താന്‍ പദ്ധതികളൊന്നുമില്ലെന്നാണ് കിറ്റക്‌സ് എം.ഡി നേരത്തെ പറഞ്ഞിരുന്നത്.
കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിലവിലെ ആഗോള സാഹചര്യ ഘടകങ്ങള്‍ അനുകൂലമാണെന്ന് സാബു.എം ജേക്കബ് പറയുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതി നിയന്ത്രണം, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടക്കുന്ന സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയവ കിറ്റെക്‌സിന് സാധ്യതകള്‍ തുറക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
2020 ല്‍ കേരളത്തില്‍ നടന്ന നിക്ഷേപക സംരംഭക സംഗമത്തില്‍ ല്‍ ഏകദേശം 3,500 കോടി രൂപയുടെ നിക്ഷേപം ഇവിടെ നടത്തുമെന്നായിരുന്നു കിറ്റെക്‌സ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ഇതിന് ശേഷം കാര്യങ്ങള്‍ നാടകീയമായി മാറി മറിയുകയായിരുന്നു.തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര്‍ റാവു ചാര്‍ട്ടേര്‍ഡ് വിമാനം അയയ്ക്കുകയും, അദ്ദേഹത്തിന്റെ ക്ഷണ പ്രകാരം കിറ്റെക്‌സ് എം.ഡി ഹൈദരാബാദിലെത്തി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പിന്നീട് ഹൈദരാബാദ്, വാറങ്കല്‍ എന്നിവിടങ്ങളില്‍ കിറ്റെക്‌സ് ലാര്‍ജ് സ്‌കെയില്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് യൂണിറ്റുകള്‍ ആരംഭിച്ചു. ഇതില്‍ വാറങ്കല്‍ പ്ലാന്റ് ഇതു വരെ 15,000 ആളുകള്‍ക്ക് തൊഴില്‍ നല്‍കി. ഹൈദരാബാദ് പ്ലാന്റിന്റെ നിര്‍മാണം നടക്കുകയാണ്. ഇവിടെ മാത്രം 50,000 ആളുകള്‍ക്ക് തൊഴിലുണ്ടാകുമെന്നാണ് കിറ്റെക്‌സ് പറയുന്നത്.











