
അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. 13 പേർ മരിച്ചെന്നും 20 പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്. കാണാതായ 20 പേരും സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികളാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. മിന്നൽ പ്രളത്തിന്റെ പശ്ചാത്തലത്തിൽ ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി. ക്യാംപിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധിപേർ സമൂഹമമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നുണ്ട്. ടെക്സസിലെ ജനപ്രതിധികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും മിന്നൽപ്രളയമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.











