
മദ്യലഹരിയിൽ ആശുപത്രിയിൽ രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത വനിതാ ഡോക്ടർ അറസ്റ്റിലായി.
നോർത്ത് ടെക്സസിലെ ഷെർമാൻ നഗരത്തിലാണ് സംഭവം. 36 വയസ്സുള്ള ദന്തഡോക്ടർ കെല്ലി ബക്ക് ആണ് പിടിയിലായത്.
ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിൽ രാവിലെ മുതൽ തന്നെ ചികിത്സ ആരംഭിച്ചിരുന്ന ഡോക്ടറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഡോക്ടർ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചു.
സ്റ്റാഫിങ് ഏജൻസിയിലൂടെ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കിലെത്തിയതായിരുന്നു കെല്ലി ബക്ക്. ടെക്സസ് നിയമപ്രകാരം മദ്യപിച്ച് ശസ്ത്രക്രിയ നടത്തുന്നത് State Jail Felony ആയി കണക്കാക്കപ്പെടുന്ന ഗുരുതര കുറ്റകൃത്യമാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഡോക്ടറെ ഗ്രേയ്സൺ കൗണ്ടി ജയിലിലേക്ക് മാറ്റി. രക്തപരിശോധനയുടെ ഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികളെന്ന് പൊലീസ് അറിയിച്ചു.











