12:38am 08 November 2026
NEWS
ടെസ്‌ല കാറുകൾ കത്തിച്ച് മസ്കിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ കാരണം ഇതാ..

20/03/2025  08:59 PM IST
nila
ടെസ്‌ല കാറുകൾ കത്തിച്ച് മസ്കിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ കാരണം ഇതാ..

അമേരിക്കയിൽ ടെസ്ല കാറുകൾ കത്തിച്ച് തുടങ്ങിയ പ്രതിഷേധം വ്യാപിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയോടെ കറുത്ത വസ്ത്രധാരിയായ ഒരാൾ  ലാസ് വേ​ഗസിലെ ടെസ്ല കൊളീഷൻ സെന്ററിൽ പാർക്കുചെയ്തിരുന്ന ടെസ്ല കാറുകൾക്ക് തീയിടുകയായിരുന്നു. തീപിടിക്കുന്ന ടെസ്ല കാറുകളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ അമേരിക്കയുടെ പല ഭാ​ഗങ്ങളിലും ടെസ്ല കാറുകൾ അ​ഗ്നിക്കിരയാക്കി. ടെസ്ല കാർ നിർമ്മാണ കമ്പനി ഉടമ ഇലോൺ മസ്കിനെതിരെ പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങുകയും ചെയ്തു. മസ്കിന്റെ ഓഫീസിന് മുന്നിലും ടെസ്ല ഷോറൂമുകൾക്ക് മുന്നിലും പ്രതിഷേധങ്ങൾ അരങ്ങേറി. അമേരിക്കൻ ഭരണകൂടത്തിലെ അതിശക്തനും പ്രസിഡന്റ് ട്രംപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ മസ്കിനെതിരെ എന്തിനാണ് ഈ പ്രതിഷേധം എന്ന ചോദ്യമാണ് ലോകമെമ്പാടും ഉയരുന്നത്. 

പ്രസിഡന്റ് ട്രംപിന്റെ വലം കൈയ്യായി നിന്ന് അമിതാധികാരം കൈയ്യാളുന്നു എന്നതാണ് ശതകോടീശ്വരൻ എലോൺ മസ്കിനെതിരെ ഇപ്പോൾ പ്രതിഷേധം ശക്തമാകാൻ കാരണം. കൂട്ട പിരിച്ചുവിടലിനു അധികാരമൊന്നും ഇല്ലാത്ത മസ്‌ക് അതിന്റെ പേരിൽ നടത്തുന്ന നടപടികൾ  മസ്‌കിന്റെ  സ്വന്തം ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമുള്ളതാണെന്ന ആരോപണമാണ് ഉയരുന്നത്. കോൺഗ്രസിന്റെ അധികാരം പോലും ഒഴിവാക്കിയുള്ള മസ്‌കിന്റെ പ്രവർത്തനം ഏകാധിപത്യമെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഈ മാസം ആദ്യമാണ് മസ്കിനെതിരെ പ്രതിഷേധം ഉയർന്നു തുടങ്ങിയത്. ലിബറൽ ഗ്രൂപ്പുകൾ നയിക്കുന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ ടെസ്‌ലയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും ഉയർന്നു കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ടെസ്ല കാറുകൾ അ​ഗ്നിക്കിരയാക്കിയ സംഭവമുണ്ടായത്. 

കഴിഞ്ഞ ദശകത്തിൽ, ഓട്ടോ മൊബൈൽ രം​ഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായാണ് ടെസ്ല രം​ഗത്തെത്തിയത്. അധികം വൈകാതെ തന്നെ അമേരിക്കയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹന ബ്രാൻഡായി ടെസ്‌ല മാറി. എന്നാൽ അടുത്തിടെ, അതിന്റെ ഡീലർഷിപ്പുകൾ ആക്രമിക്കപ്പെട്ടു, നിരവധി ഉടമകൾ അവരുടെ വാഹനങ്ങൾ വിറ്റു. ഇപ്പോഴിതാ, പരസ്യമായി വാഹനങ്ങൾ തീവെക്കുന്ന സാഹചര്യം പോലും സംജാതമായിരിക്കുന്നു.

ജനുവരിയിൽ പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞ വേളയിൽ ഫാസിസ്റ്റ് സല്യൂട്ട് പോലെയുള്ള ഒരു ആംഗ്യം മസ്ക് കാട്ടിയതും വിവാ​ദമായിരുന്നു.  ട്രംപ് വീണ്ടും അധികാരത്തിൽ വന്നതോടെ, ലോകത്തിലെ ഏറ്റവും ധനികനായ മസ്‌കിന് ഫെഡറൽ ഏജൻസികൾക്ക് വൻതോതിലുള്ള ശമ്പളം വെട്ടിക്കുറയ്ക്കാനും സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനും അധികാരം ലഭിച്ചു, ഇത് അദ്ദേഹത്തിനെതിരായ ജനരോഷം ആളിക്കത്തിക്കാൻ കാരണമായി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img