
ഇസ്ലാമാബാദ്: ഡൽഹിക്ക് മുകളിൽ പാകിസ്ഥാന്റെ പതാക ഉയർത്താനും മടിക്കില്ലെന്ന പ്രഖ്യാപനവുമായി പാകിസ്ഥാനിൽ ഭീകര സംഘടനാ നേതാക്കളുടെ സമ്മേളനം. കറാച്ചിയിൽ സംഘടിപ്പിച്ച ദിഫാ-ഇ-വതൻ കൗൺസിലിന്റെ (ഡിഡബ്ല്യുസി) സമ്മേളനത്തിലാണ് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), അഹ്‌ൽ-ഇ-സുന്നത്ത് വാൾ ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ നേതാക്കൾ പങ്കെടുത്തത്. പാക് സൈന്യത്തെ പുകഴ്ത്തിയും ഇന്ത്യയെ ഭീഷണിപ്പെടുത്തിയുമായിരുന്നു നേതാക്കളുടെ പ്രസംഗം.
ഇന്ത്യക്കെതിരെ പാക് സൈന്യം നടത്തിയ സൈനിക നീക്കത്തെ പ്രശംസിക്കാനാണ് ചൊവ്വാഴ്ച വൈകുന്നേരം കറാച്ചിയിൽ സിഡബ്ല്യൂസി സമ്മേളനം നടത്തിയത്. പാകിസ്ഥാൻ സൈന്യത്തിന്റെ നടപടികളെ പ്രശംസിച്ചാണ് സമ്മേളനത്തെ അഭിസംബോധന ചെയ്ത തീവ്ര മതപ്രഭാഷകൻ മുഫ്തി താരിഖ് മസൂദ് സംസാരിച്ചത്.
“നമ്മുടെ ശത്രുക്കൾ നമ്മുടെ സൈന്യത്തെ മതപരമായ സൈന്യം എന്നും, രാജ്യദ്രോഹികളായവർ ഈ സൈന്യത്തെ മതേതര സൈന്യം എന്നും വിളിക്കുന്നു. ഈ യുദ്ധം ജയിച്ചതിനുശേഷം, നമുക്കത് ബോധ്യപ്പെടുകയും ചെയ്തു. രക്തസാക്ഷിത്വത്തിനായുള്ള അഭിനിവേശമുള്ള, അല്ലാഹുവിന്റെ പേരിൽ, മതത്തിന്റെയും ഇസ്ലാമിന്റെയും പേരിൽ ജീവൻ ബലിയർപ്പിക്കുന്ന ഒരു സൈന്യമാണിത്.”- മുഫ്തി താരിഖ് മസൂദ് പറഞ്ഞു.
“എന്റെ നേതാവ് മൗലാന ഫസ്ലുർ റഹ്മാൻ ലാഹോറിലെ മിനാർ-ഇ-പാകിസ്ഥാനിൽ നിന്ന് മോദിയെ വെല്ലുവിളിച്ചു… ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് പറഞ്ഞു… ഡൽഹിക്ക് മുകളിൽ പാകിസ്ഥാന്റെ പതാക ഉയർത്താനും ഞങ്ങൾ മടിക്കില്ല,”- ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (സിന്ധ്) ജനറൽ സെക്രട്ടറി അല്ലാമ റാഷിദ് മഹ്മൂദ് സൂമ്രോ പ്രസംഗിച്ചത് ഇങ്ങനെയാണ്. പാകിസ്ഥാൻ സൈന്യം റാഫേൽ ജെറ്റുകൾ വെടിവച്ചിട്ടതായും റഷ്യയിൽ നിർമ്മിച്ച എസ് -400 വ്യോമ സംവിധാനം നശിപ്പിച്ചതായും റാഷിദ് വീമ്പിളക്കി.











