10:25am 30 April 2026
NEWS
'നിന്നെ കൊല്ലില്ല, പോയി മോദിയോട് പറ'; പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു
22/04/2025  08:55 PM IST
nila
നിന്നെ കൊല്ലില്ല, പോയി മോദിയോട് പറ; പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 26 പേർ കൊല്ലപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്ക് നേരേയാണ് ഭീകരർ ആക്രമണം നടത്തിയത്.  വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിൽ വെച്ചാണ് സഞ്ചാരികൾ ആക്രമിക്കപ്പെട്ടത്.  ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. ലഷ്കറെ തയിബ അനുകൂല സംഘടനയാണ് ദ് റെസിസ്റ്റൻസ് ഫ്രണ്ട്. 

കൊല്ലപ്പെട്ടവരിൽ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് റാവുവും ഉൾപ്പെടുന്നു. മകന്റെയും തന്റെയും കൺമുന്നിൽവച്ചാണ് മഞ്ജുനാഥിനെ അക്രമികൾ കൊലപ്പെടുത്തിയതെന്ന് മഞ്ജുനാഥിന്റെ ഭാര്യ പല്ലവി പറഞ്ഞെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ആക്രമികൾ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയെന്നും പല്ലവി പ്രതികരിച്ചു. "മൂന്നു നാലു പേർ ഞങ്ങളെ ആക്രമിച്ചു. എൻ്റെ ഭർത്താവിനെ നിങ്ങൾ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് അവരോട് ഞാൻ പറഞ്ഞു. നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരിൽ ഒരാൾ മറുപടി നൽകിയത്. ഇതൊരു ദുഃസ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് തങ്ങളെ രക്ഷിച്ചത്." പല്ലവി പറഞ്ഞു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെടും. 

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ‘‘കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ തിരിച്ചടി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോൺഫറൻസിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജൻസികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താൻ ഉടൻ ഞാൻ ശ്രീനഗറിലേക്ക് പോകും.’’ – അമിത് ഷാ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img