10:44pm 10 July 2026
NEWS
ജയിലിലെ ഭക്ഷണം കഴിക്കാനാകുന്നില്ല; സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുമതി തേടി ഭീകരക്കേസിലെ പ്രതി
10/07/2026  09:00 AM IST
nila
ജയിലിലെ ഭക്ഷണം കഴിക്കാനാകുന്നില്ല; സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുമതി തേടി ഭീകരക്കേസിലെ പ്രതി

ന്യൂഡൽഹി: ജയിലിൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്വന്തം ചെലവിൽ ഭക്ഷണം പാകം ചെയ്യാൻ അനുമതി തേടി ഭീകരക്കേസ് പ്രതി ഡൽഹി കോടതിയെ സമീപിച്ചു. എൻഐഎയുടെ ഭീകരക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക് ആണ് ജയിലിനുള്ളിൽ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ അനുമതി തേടിയത്. മാനുഷിക പരിഗണന മുൻനിർത്തി പാചക സൗകര്യവും ആവശ്യമായ ഭക്ഷ്യസാധനങ്ങളും അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കഴിഞ്ഞ ഏപ്രിൽ മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് വാൻഡൈക്. ജയിലിലെ എരിവും എണ്ണമയവുമായ ഭക്ഷണം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ മേയ് 6 മുതൽ നിരാഹാര സമരത്തിലാണെന്ന് ഹർജിയിൽ പറയുന്നു. തുടർച്ചയായ ഉപവാസത്തെ തുടർന്ന് 14 കിലോഗ്രാമോളം ഭാരം കുറഞ്ഞതായും കാഴ്ചശക്തി, പ്രതിരോധശേഷി, ശാരീരിക ബലം എന്നിവയെ അത് പ്രതികൂലമായി ബാധിച്ചതായും പ്രതിഭാഗം കോടതിയെ അറിയിച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും, ഭക്ഷ്യവസ്തുക്കളും പാചക ഉപകരണങ്ങളും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും കുടുംബം വഹിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പരിപ്പ്, മാംസം, കോഴിയിറച്ചി, ചെമ്മീൻ, പാസ്ത, നൂഡിൽസ്, അരി, പച്ചക്കറികൾ, ഒലീവ് ഓയിൽ, സോയ മിൽക്ക്, കുപ്പിവെള്ളം എന്നിവയ്ക്കൊപ്പം ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ, പ്ലാസ്റ്റിക് ചോപ്പർ എന്നിവ കൈവശം വയ്ക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം.

ഹർജി പരിഗണിച്ച പട്യാല ഹൗസ് കോടതി തിഹാർ ജയിൽ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് ജൂലൈ 21-ന് വീണ്ടും പരിഗണിക്കും.

മാർച്ച് 13-ന് കൊൽക്കത്ത വിമാനത്താവളത്തിൽ ആറ് യുക്രെയ്ൻ പൗരന്മാരോടൊപ്പം മാത്യു വാൻഡൈക്കിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. നിരോധിത ഇന്ത്യൻ വിഘടനവാദി സംഘടനകളുമായി ബന്ധം പുലർത്തിയെന്നും, അവർക്ക് ആയുധങ്ങളും സാങ്കേതിക സഹായവും പരിശീലനവും നൽകിയെന്നുമാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. മ്യാൻമറിലെ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധപരിശീലനം നൽകിയതും യൂറോപ്പിൽ നിന്ന് ഡ്രോണുകൾ എത്തിക്കാൻ സഹായിച്ചതുമടക്കമുള്ള ഗുരുതര ആരോപണങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. യുഎപിഎ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img