
മലപ്പുറം: മുസ്‌ലിം ലീഗിൽ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ സജീവം. നേതാക്കളെ നിയുക്ത മന്ത്രിമാരെന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡുകളും പ്രവർത്തകർ സ്ഥാപിക്കുകയാണ് അരീക്കോടാണ് കെ.എം. ഷാജിക്കും പി.കെ. ബഷീറിനും അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. “നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങൾ” എന്ന കുറിപ്പോടെയാണ് ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടത്.
പി.കെ. ബഷീറിനെ പിന്തുണച്ച് ഫ്‌ളക്‌സ് സ്ഥാപിച്ചതിന് പിന്നാലെ കെ.എം. ഷാജിക്കായി സമാനമായ ബോർഡുകളും അരീക്കോട് ഉയർന്നത് ശ്രദ്ധേയമായി. അതേസമയം, മന്ത്രിമാരാകും എന്നുറപ്പുള്ള ലീഗ് നേതാക്കൾ പ്രധാനപ്പെട്ട വകുപ്പുകൾ ഉറപ്പിക്കാനും കരുനീക്കം സജീവമാക്കിയിട്ടുണ്ട്. വ്യവസായം, ഐ.ടി., ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകൾ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ച കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
അതേസമയം, വർഷങ്ങളായി മുസ്‌ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. വകുപ്പ് കൈവശം തുടരണമെന്നും അതിനായി ലീഗ് ശക്തമായി വാദിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി എൻ. ഷംസുദ്ദീനും ആബിദ് ഹുസൈൻ തങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം. തദ്ദേശ സ്വയംഭരണ വകുപ്പ് പാറക്കൽ അബ്ദുള്ളയ്ക്കോ എ.കെ.എം. അഷ്‌റഫിനോ ലഭിക്കാനിടയുണ്ട്.










