
കൊച്ചി: ശ്രീനാരായണഗുരുദേവന്റെ 172ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ മേഖലകളിൽ നടന്ന ഘോഷയാത്രകളിലും മഹാസമ്മേളനങ്ങളിലും പീതാംബരധാരികളായ പതിനായിരങ്ങൾ അണിനിരന്നു. ജാതിക്കും മതത്തിനും ഉച്ചനീചത്വങ്ങൾക്കുമെതിരായി ഘോഷയാത്രയിൽ മുഴങ്ങിയ ഓരോ മുദ്രാവാക്യവും വിശ്വമാനവ സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതുന്നതായിരുന്നു. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഗ്രാമ- നഗരഭേദമെന്യേ ജനവാസമേഖലകളെല്ലാം പീത പതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു.
എസ്.എൻ.ഡി.പി യോഗം, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ഗുരുധർമ്മ പ്രചാരണസഭ എന്നിവയ്ക്ക് പുറമേ ജില്ല കോൺഗ്രസ് കമ്മിറ്റി, ബി.ജെ.പി ഒ.ബി.സി മോർച്ച, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നവരും ഇത്തവണ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിച്ചിരുന്നു. ശ്രീനാരായണ ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് രാവിലെ മുതൽ വിശേഷാൽ ഗുരുപൂജകൾ, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, അന്നദാനം, ആത്മീയപ്രഭാഷണം തുടങ്ങി വ്യത്യസ്തമായ ചടങ്ങുകളുമുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗം ആലുവ, പറവൂർ, വൈപ്പിൻ, മൂവാറ്റുപുഴ, കൊച്ചി, കൂത്താട്ടുകുളം, കോതമംഗലം, കണയന്നൂർ, കുന്നത്തുനാട് യൂണിയനുകളിൽ ശാഖകളും പോഷകസംഘടനകളും സംയുക്തമായി അതത് കേന്ദ്രങ്ങളിൽ ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി. ആലുവ അദ്വൈതാശ്രമത്തിന്റെയും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ 61ശാഖകളിൽ നിന്നുമായി 20,000ത്തോളം ശ്രീനാരായണീയർ പങ്കെടുത്തു. ആലുവ അദ്വൈതാശ്രമത്തിലും രാവിലെ 4.30 മുതൽ വൈകിട്ട് 6.30വരെ പ്രത്യേക പൂജ, ഗുരുദേവ കൃതികളുടെ പാരായണം വിശേഷാൽ ദീപാരാധന, സമൂഹപ്രാർത്ഥന എന്നിവയുണ്ടായിരുന്നു. എസ് .എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള 33ശാഖകളും സംയുക്തമായി മൂവാറ്റുപുഴ നഗരത്തിൽ ആയിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുക്കുന്ന മഹാഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വൈപ്പിൻ യൂണിയന്റെ നേതൃത്വത്തിൽ പള്ളത്താംകുളങ്ങരയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ചെറായി ഗൗരീശ്വരക്ഷേത്ര മൈതാനിയിൽ സമാപിച്ചശേഷം ഗുരുജയന്തി സമ്മേളനവും നടത്തി. പറവൂർ യൂണിയനിൽ നടന്ന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്ത്. യൂണിയനിലെ 72 ശാഖകളിൽ നിന്നായി ആയിരക്കണക്കിന് ഗുരുഭക്തർ അണിനിരന്ന ഘോഷയാത്ര അക്ഷരാർത്ഥത്തിൽ പീതസാഗരമായി .
Photo Courtesy - Google










