
കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെയും ബിസിസി ഡയറക്ടറേറ്റിൻ്റേയും നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെ പതിനെണ്ണായിരത്തോളം (18,000) പേരാണ് സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ വി. മർക്കോസിൻ്റെ സുവിശേഷം സമർപ്പിക്കാൻ ഒരുമിച്ചു ചേരുന്നത്.സെപ്റ്റംബർ 7 ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ നടക്കുന്ന സംഗമത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ബുക്ക് ഓഫ് ഇൻഡ്യ റെക്കോർഡിൽ ഇടം പിടിക്കുന്ന ഈ സംഗമം വീക്ഷിക്കുവാനും പുരസ്കാരം നൽകുന്നതിനുമായി ഡെൽഹിയിൽ നിന്നും ഉദ്യോഗന്ഥർ യോഗത്തിൽ സംബന്ധിക്കും.
16 അധ്യായങ്ങളുള്ള വി.മർക്കോസിൻ്റെ സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തക രൂപത്തിൽ ആക്കി മനോഹരമായി ബൈൻഡ് ചെയ്താണ് വൈദികരും സന്യസ്തരും കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചരിത്രസംഗമത്തിൽ പങ്കെടുക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ മാസം ആരംഭിച്ച പകർത്തിയെഴുത്ത് ഓരോ ഇടവകയിലും ആഗസ്റ്റ് 15 ലെ ദിവ്യബലിയിൽ കാഴ്ച സമർപ്പിച്ചു.
എൽകെജി ക്ലാസിലെ കുട്ടികൾ മുതൽ വന്ദ്യ വയോധികർ വരെ സുവിശേഷം പകർത്തിയെഴുതുന്നതിന് മുന്നിട്ടിറങ്ങി.മലയാളം കൂടാതെ തമിഴ്, ഇംഗ്ലീഷ്, ലാറ്റിൻ,ഹിന്ദി, ജർമൻ, ഹീബ്രു, ഭാഷകളിലും സുവിശേഷം പകർത്തിയെഴുതിയിട്ടുണ്ട്. കേരള കത്തോലിക്ക സഭയുടെ അജപാലന ചരിത്രത്തിൽത്തന്നെ അപൂർവ്വമായ ഒരു സംഗമമാണ് ഇതെന്ന് ഭാരവാഹികൾ അറിയിച്ചു.
വരാപ്പുഴ അതിരൂപത മിനിസ്ട്രി ജനറൽ കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി സ്വാഗതവും
വരാപ്പുഴ അതിരൂപത വിശ്വാസപരിശീലന കമ്മീഷൻ ഡയറക്ടർ ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ നന്ദിയും പറയുന്ന ചടങ്ങിൽവരാപ്പുഴ അതിരൂപത ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ,കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, കെആർ എൽസിസി ജനറൽ സെക്രട്ടറി ഫാ.ഡോ. ജിജു അറക്കത്തറ,കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്ത്, ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ ആശംസകൾ നേരും.കഴിഞ്ഞ വർഷം നാലായിരത്തിലേറെ പേരാണ് വി ലൂക്കായുടെ സുവിശേഷം സ്വന്തമായി പകർത്തിയെഴുതിയത്.
Photo Courtesy - Google








