
സാമ്പത്തിക വിദഗ്ധൻ കൂടിയായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ പതിനാറാമത്തെ ബജറ്റിന്റെ പണിപ്പുരയിലാണ്. ധനമന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളിരുന്ന് അദ്ദേഹം ഇതിനകം പതിനഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. നാലുലക്ഷം കോടിയുടെ ബജറ്റാണ് ഇത്തവണ അദ്ദേഹം അവതരിപ്പിക്കുന്നത്. അടുത്ത മാസം പതിനാലിന് ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി. അതിനിടയിലാണ് ലോകായുക്ത പോലീസും ഇ ഡിയും അന്വേഷിക്കുന്ന മുഡ കേസ് സിദ്ധരാമയ്യയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി ലോകായുക്ത കേസ്സെടുത്തത്. പിന്നാലെ ഇ ഡിയും വന്നു. ലോകായുക്ത മുന്നോട്ടുകൊണ്ടുപോകുന്ന കേസ് സിബിഐയ്ക്ക് വിടണമെന്ന പരാതിക്കാരന്റെ ആവശ്യം പക്ഷെ ഹൈക്കോടതി അംഗീകരിച്ചില്ല. ലോകായുക്തയുടെ അന്തിമ അന്വേഷണ റിപ്പോർട്ട് വരുംമുമ്പേ അന്വേഷണം മറ്റൊരു ഏജൻസിയ്ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നത് ന്യായയുക്തമല്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന അഭിപ്രായപ്പെട്ട് വിധിയെഴുതിയതാണ് സിദ്ധരാമയ്യയ്ക്ക് താത്കാലിക ആശ്വാസമായത്. ഇ ഡിയും ഈ കേസ്സിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരനായ വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ മുൻമുഖ്യമന്ത്രി യദിയൂരപ്പ യ്ക്കും ഹൈക്കോടതിയിൽ നിന്ന് തെല്ലാശ്വാസം ലഭിച്ചു. തന്റെ പേരിൽ അടിസ്ഥാനമില്ലാതെ രജിസ്റ്റർ ചെയ്ത പോസ്‌കോ കേസ് റദ്ദാക്കണമെന്ന അപേക്ഷയുമായി യദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കിയില്ലെങ്കിലും അറസ്റ്റ് വിലക്കിക്കൊണ്ട് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ഭരിച്ചവരും ഭരിക്കുന്നവരുമായ പ്രമുഖ നേതാക്കൾ കോടതി കയറിയിറങ്ങുന്നത് കർണാടകത്തിൽ പതിവുകാഴ്ചയായിട്ടുണ്ട്. മറ്റൊരു മുൻ മുഖ്യമന്ത്രിയും നിലവിൽ കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയും കേസ്സുകളുടെ നൂലാമാലകളിൽ പെട്ടുഴലുകയാണ്.
Photo Courtesy - Google











