
ബംഗളുരു: ഇതിനകം വിവാദമായ മുഡ കേസ് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കുടുംബത്തെയും വിടാതെ പിന്തുടരുകയാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലോകായുക്ത പോലീസ് അന്വേഷിക്കുന്ന ഈ കേസ്സിൽ ഇ ഡിയും കടന്നുവന്നതോടെയാണ് സിദ്ധരാമയ്യ കുരുക്കിലായത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവ്വതിയ്ക്ക് ഇ ഡി നോട്ടീസ് നൽകിയിരുന്നു. മിനിഞ്ഞാന്ന് ഹാജരാകാൻ നഗരവികസനമന്ത്രി ബയരതി സുരേഷിനും ഇ ഡി നോട്ടീസ് അയച്ചിരുന്നു. എഫ് ഐ ആറിൽ മന്ത്രി സുരേഷിന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ മുഡ ഫയലുകൾ മന്ത്രി ഇടപെട്ട് മൈസൂരുവിൽ നിന്ന് മാറ്റിയതായി ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിൽ ചില തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇ ഡി മന്ത്രി സുരേഷിന് നോട്ടീസ് നൽകിയത്. രണ്ടു നോട്ടീസും ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ലോകായുക്ത പോലീസ് അന്വേഷിച്ചാൽ വസ്തുതകൾ പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടി, സി ബി ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ സമർപ്പിച്ച പരാതിയിൽ നടക്കുന്ന കേസ് ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ലോകായുക്ത പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. അന്വേഷണത്തിൽ കണ്ടെത്തിയ സംഭ്രമജനകമായ വിവരങ്ങൾ ഇ ഡി പുറത്തുവിട്ടത് ലോകായുക്തയെ വിഷമസന്ധിയിലാക്കിയിരുന്നു. ഇ ഡി പുറത്തുവിട്ട വിവരങ്ങൾ സ്നേഹമയി കൃഷ്ണ ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ലോകായുക്ത യ്ക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം നൽകി ജസ്റ്റിസ് നാഗപ്രസന്ന കേസ് ഫിബ്രവരി പത്തിലേക്ക് മാറ്റി. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാണ് ഇ ഡി നോട്ടീസ് സ്റ്റേ ചെയ്യുന്നതെന്ന് ജസ്റ്റിസ് നാഗപ്രസന്ന സൂചിപ്പിച്ചു. മൈസൂരു അർബ്ബൻ ഡവലപ്പ്മെന്റ് അതോറിറ്റി ( മുഡ) യിൽ നിന്ന് മുഖ്യമന്ത്രിയുടെ ഭാര്യ പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനധികൃതമായി കൈക്കലാക്കി എന്നാണ് കേസ്. ഈ കേസ്സിൽ മുഖ്യമന്ത്രി ഒന്നാംപ്രതിയും പത്നി രണ്ടാംപ്രതിയുമാണ്. മറ്റു പലർക്കും അതുപോലെ പ്ലോട്ടുകൾ അനധികൃതമായി അനുവദിച്ചിട്ടുണ്ടെന്നാണ് ഇ ഡി കണ്ടെത്തിയിട്ടുള്ളത്. ശതകോടികളുടെ മുഡ പ്ലോട്ട് അഴിമതിയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന സൂചനയാണ് ഇ ഡി നൽകുന്നത്. കേസ് രജിസ്റ്റർ ആയ ശേഷം പാർവ്വതി പ്ലോട്ടുകൾ മടക്കിനൽകിയത് കൂടുതൽ കുരുക്കാകുയാണ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഇ ഡി മുഖ്യമന്ത്രി യുടെ ഭാര്യയ്ക്കും മന്ത്രി സുരേഷിനും നോട്ടീസ് അയച്ചത്.











