
പതിനാറുകാരിയെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ ക്ഷേത്രപൂജാരി അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം. ചിതറ കുറക്കോട് സ്വദേശിയായ അഭിൻ(22) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ നിരന്തരം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രതിയുമായി പ്രണയത്തിലായിരുന്നു.. കഴിഞ്ഞ സെപ്റ്റംബറിൽ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ഇയാൾ ആദ്യമായി ലൈംഗികപീഡനത്തിനിരയാക്കിയത്. പിന്നീട് പലപ്പോഴായി ഇത് തുടരുകയും ചെയ്തു. പെൺകുട്ടി പീഡനത്തെ എതിർത്തപ്പോൾ ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അഭിൻ പീഡനം തുടരുകയായിരുന്നു
നിരന്തരമായ പീഡനത്തെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ പെൺകുട്ടി കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കൾ യഥാസമയം കണ്ടതിനാൽ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ജീവൻ രക്ഷിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ വെച്ച് നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്.
ചിതറ കുറക്കോട് ഭാഗത്ത് നിന്നാണ് അഭിനെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.











