
പാറശാല: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള ഇരുപതിലേറെ ക്ഷേത്രങ്ങളിലെ സ്വർണ, വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ ഗൗരവമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മിഷണർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവാഭരണം കമ്മിഷണർ നിർദേശം നൽകി. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള സ്വർണ-വെള്ളി ഉരുപ്പടികളുടെ വിവരങ്ങൾ സംബന്ധിച്ച് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടും നിലവിലെ രേഖകളും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് വ്യാപകമായ കുറവ് കണ്ടെത്തിയത്.
വീരണകാവ് ക്ഷേത്രത്തിലെ വെള്ളി താമരപ്പൂവ്, പെരുംകളത്തൂർ ദേവസ്വത്തിലെ വെള്ളിത്തട്ടം, മങ്കാരമുട്ടം ദേവസ്വത്തിലെ വെള്ളി തൃക്കണ്ണ്, തിരുമുക്ക്, ചന്ദ്രക്കല, അരങ്ങൽ ദേവസ്വത്തിലെ വെള്ളി ഉരുപ്പടികൾ, മുദ്രപ്പൊതി, അരുവല്ലൂർ ക്ഷേത്രത്തിലെ മുഖാഭരണം, മുദ്രപ്പൊതി എന്നിവയുടെ സ്ഥിതിവിവരങ്ങളിൽ വ്യക്തതയില്ലെന്ന് കമ്മിഷണറുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കൂടുതൽ കണക്കുവ്യത്യാസം കണ്ടെത്തിയിരിക്കുന്നത് നെയ്യാറ്റിൻകര ദേവസ്വത്തിലാണെന്നും സ്വർണക്കാൽ ഉൾപ്പെടെ നൂറുകണക്കിന് ഉരുപ്പടികളുടെ രേഖകളിൽ വ്യക്തതക്കുറവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂട്ടപ്പന ദേവസ്വത്തിലെ വീരചക്രം, ഇരട്ടകൺമലർ, വെങ്ങാനൂർ ദേവസ്വത്തിലെ 16 ഗ്രാം സ്വർണമാല, കേളേശ്വരം ദേവസ്വത്തിലെ സ്വർണ ഗോപി, പാറശാല ദേവസ്വത്തിലെ സ്വർണക്കട്ടി, മുര്യങ്കര ദേവസ്വത്തിലെ സ്വർണമുദ്രപ്പൊതി, രാമേശ്വരം ദേവസ്വത്തിലെ സ്വർണത്താലികൾ, ചന്ദ്രക്കല, സ്വർണചെയിൻ എന്നിവയുൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലെ ഉരുപ്പടികളുടെ കണക്കുകളിലും വ്യക്തതയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചെഴുങ്ങാനൂർ, തിരുനാരായണപുരം, ദേവേശ്വരം, തൃക്കണ്ണാപുരം, വെള്ളായണി എന്നീ ദേവസ്വങ്ങളിലെ നിരവധി പൂജാസാധനങ്ങളുടെ വിവരങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് നിർദേശത്തിൽ പറയുന്നു.
ഒറ്റശേഖരമംഗലം ദേവസ്വത്തിൽ 2008-ന് ശേഷം ലഭിച്ച വെള്ളി തിരുമുഖം മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആർ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്. മാണിനാട് ദേവസ്വത്തിൽ ഗോൾഡ് മോണറ്റൈസേഷൻ പദ്ധതിയിലേക്ക് കൈമാറിയ ആഭരണങ്ങളുടെ വിവരങ്ങൾ തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.
മലയിൻകീഴ് ദേവസ്വത്തിന്റെ സ്റ്റേറ്റ്മെന്റ് നിശ്ചിത മാതൃകയിലല്ലാത്തതിനാൽ പുതുക്കി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളിലെ അപാകതകൾ പരിഹരിച്ച് ആവശ്യമായിടത്ത് ഭൗതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരുവാഭരണം കമ്മിഷണർ നിർദേശിച്ചു. തുടർനടപടികൾക്കായി ബന്ധപ്പെട്ട സബ് ഗ്രൂപ്പ് ഓഫീസർമാർക്കും കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.









