
ദോഹ: വേനൽച്ചൂടിൽ നിന്ന് ആശ്വാസമേകി ഖത്തറിൽ വരുന്ന ആഴ്ചകളിൽ കാലാവസ്ഥ കൂടുതൽ മിതമാകാൻ സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. സെപ്റ്റംബർ മാസത്തോടെ താപനില ക്രമേണ കുറയുമെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ (ആപേക്ഷിക ആർദ്രത) അളവ് വർധിക്കും. ഉച്ചയ്ക്ക് ശേഷം മഴയ്ക്കും ചില സമയങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വേനൽക്കാലത്ത് നിന്ന് ശൈത്യകാലത്തേക്കുള്ള മാറ്റത്തിന്റെ തുടക്കമെന്ന നിലയിൽ സെപ്റ്റംബറിനെ പ്രഥമ ശരത്കാല (Autumn) മാസമായാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.
സെപ്റ്റംബർ മാസത്തിൽ ദോഹയിലെ പ്രതിദിന ശരാശരി താപനില 33.1°C ആയിരിക്കും.
2001-ൽ രേഖപ്പെടുത്തിയ 46.2°C ആണ് സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന താപനില. 1964-ൽ രേഖപ്പെടുത്തിയ 20.3°C ആണ് ഏറ്റവും കുറഞ്ഞ താപനില.
മാസത്തിലുടനീളം മേഘാവൃതമായ അന്തരീക്ഷത്തിനും, പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷം മഴയ്ക്കും സാധ്യതയുണ്ട്.കിഴക്കൻ ദിശയിൽ നിന്ന് കുറഞ്ഞതോ മിതമായതോ ആയ വേഗതയിലാകും കാറ്റ് വീശുക.കാലാവസ്ഥാ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കടലിൽ പോകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.











