
ദോഹ: ഖത്തറിൽ വേനൽച്ചൂട് കടുക്കുന്നു. ബുധനാഴ്ച രാജ്യത്ത് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. ദോഹ അന്താരാഷ്ട്ര വിമാനത്താവള പരിസരം, മിസൈമീർ, മിസഈദ് എന്നീ പ്രദേശങ്ങളിൽ 47 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്.
സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഖത്തർ യൂണിവേഴ്സിറ്റി പരിസരത്ത് 46 ഡിഗ്രി സെൽഷ്യസും അൽ ശഹാനിയ, തരീന, മക്കീനിസ് എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.
അതേസമയം രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉംബാബ് (Umm Bab) പ്രദേശത്താണ്. ഇവിടെ ഉയർന്ന താപനില 34 ഡിഗ്രിയും കുറഞ്ഞ താപനില 28 ഡിഗ്രിയുമായിരുന്നു. അൽ ശുഹൈമിയയിൽ ഉയർന്ന താപനില 35 ഡിഗ്രിയും കുറഞ്ഞത് 29 ഡിഗ്രിയുമായിരുന്നു. അൽ റുവൈസ്, അബു സംറ എന്നിവിടങ്ങളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ, അൽ റുവൈസിലെ കുറഞ്ഞ താപനില 30 ഡിഗ്രിയും അബു സംറയിൽ അത് 26 ഡിഗ്രിയുമായിരുന്നു.










