10:39pm 14 November 2026
NEWS
നടനും സംവിധായകനുമായ ഗിരി ബാബു അന്തരിച്ചു; വിടവാങ്ങിയത് 600ലേറെ ചിത്രങ്ങളിൽ വേഷമിട്ട നടൻ
14/11/2026  09:49 PM IST
nila
നടനും സംവിധായകനുമായ ഗിരി ബാബു അന്തരിച്ചു; വിടവാങ്ങിയത് 600ലേറെ ചിത്രങ്ങളിൽ വേഷമിട്ട നടൻ

 

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ മുതിർന്ന നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു (80) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഹൈദരാബാദ് കൊണ്ടാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. ചിരഞ്ജീവി, സംവിധായകൻ അനിൽ രവിപുഡി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തുടങ്ങി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനിടെ 600ലധികം സിനിമകളുടെ ഭാഗമായി മാറിയ ഗിരി ബാബു തെലുങ്ക് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ കലാകാരനായിരുന്നു. വില്ലൻ വേഷങ്ങൾക്കൊപ്പം ഹാസ്യകഥാപാത്രങ്ങളും സ്വഭാവവേഷങ്ങളും ഒരുപോലെ മികവോടെ അവതരിപ്പിച്ചു. അഭിനയത്തിനു പുറമെ സംവിധായകനായും നിർമാതാവായും പ്രവർത്തിച്ച അദ്ദേഹം മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നാല് സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ രവിനുതല ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർഥ പേര് യെറ ശേഷഗിരി റാവു എന്നായിരുന്നു. കുട്ടിക്കാലം മുതൽ നാടകത്തിലും അഭിനയത്തിലും താൽപര്യം പ്രകടിപ്പിച്ച ഗിരി ബാബു 1973ൽ പുറത്തിറങ്ങിയ 'ജഗമേ മായ'യിലൂടെയാണ് സിനിമയിലെത്തിയത്. തുടക്കത്തിൽ നായകവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് വില്ലൻ, സ്വഭാവനടൻ വേഷങ്ങളിലൂടെ കൂടുതൽ ജനപ്രീതി നേടി.

1977ൽ പുറത്തിറങ്ങിയ പുരാണചിത്രം 'കുരുക്ഷേത്ര'യിൽ ദുശ്ശാസനനായി എത്തിയതോടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. 'ജ്യോതി', 'പസിവാടി പ്രാണം', 'ഹലോ ബ്രദർ', 'സിസിന്ദ്രി', 'ലിറ്റിൽ സോൾജിയേഴ്‌സ്', 'നിന്നേ പെള്ളാഡത്ത' തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 'ഗമ്യം', 'ഗീത ഗോവിന്ദം', 'ജാതി രത്‌നാലു', 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' തുടങ്ങിയ സിനിമകളിലൂടെ പുതുതലമുറ താരങ്ങൾക്കൊപ്പവും അദ്ദേഹം അഭിനയിച്ചു.

സംവിധാനരംഗത്തും സാന്നിധ്യമറിയിച്ച ഗിരി ബാബു 'രണരംഗം', 'ഇന്ദ്രജിത്ത്', 'നീ സുഖമേ നേ കോരുതുന്ന' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി. 'ദേവതലാറ ദീവിഞ്ചണ്ടി', 'മെരുപു ദാഡി' എന്നീ സിനിമകളുടെ നിർമാണത്തിലും പങ്കാളിയായി.

ഭാര്യ ശ്രീദേവി 2016ലാണ് അന്തരിച്ചത്. രണ്ട് ആൺമക്കളും ഒരു മകളുമാണ് ഗിരി ബാബുവിനുള്ളത്. മൂത്ത മകൻ രഘു ബാബു തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ ഹാസ്യ-സ്വഭാവ നടനാണ്. ഇളയ മകൻ ബോസ് ബാബുവും സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img