
കൊല്ലം ജില്ലയിലെ കുണ്ടറയിൽ റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമെന്ന് സംശയം. ഇന്നു പുലർച്ചെയാണ് നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിന് കുറുകെ പഴയ ടെലഫോൺ പോസ്റ്റ് കണ്ടെത്തിയത്. എന്നാൽ, പൊലീസെത്തി ഇത് എടുത്ത് മാറ്റിയെങ്കിലും വീണ്ടും ട്രാക്കിൽ പോസ്റ്റ് വെച്ചതോടെയാണ് അട്ടിമറി ശ്രമമെന്ന സംശയം ബലപ്പെട്ടത്. സംഭവത്തിൽ റെയിൽവേ പോലീസ്, ആർപിഎഫ്, മധുര റെയിൽവേ ക്രൈം ബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നു പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നു പോയവരാണ് പാളത്തിന് കുറുകെ പോസ്റ്റ് വെച്ചിരിക്കുന്നത് കണ്ടത്. ഇവർ കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ കാര്യം വിളിച്ച് അറിയിച്ചു. ആനന്ദ് കുണ്ടറ റെയിൽവെ സ്റ്റേഷനിലും എഴുകോൺ പൊലീസിലും അറിയിച്ചു. ഇതോടെ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
വിവരം അറിഞ്ഞ് എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പുലർച്ചെ മൂന്നരയോടെ നടത്തിയ അന്വേഷണത്തിൽ ട്രാക്കിൽ വീണ്ടും പോസ്റ്റിന്റെ ഭാഗം കണ്ടെത്തുകയായിരുന്നു. രണ്ടുതവണ ട്രാക്കിൽ പോസ്റ്റ് കണ്ടത് ദുരൂഹത പടർത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയിൽപെട്ടിരുന്നില്ലെങ്കിൽ മിനിറ്റുകൾക്കകം കടന്നു പോകുന്ന തിരുനെൽവേലി പാലരുവി എക്സ്പ്രസ് പോസ്റ്റിലിടിച്ചു വൻ ദുരന്തം ഉണ്ടാകുമായിരുന്നു. പഴയ ടെലിഫോൺ പോസ്റ്റിന്റെ കാസ്റ്റ് അയൺ വരുന്ന ഭാഗം എടുക്കുന്നതിനു വേണ്ടി ട്രാക്കിൽ കൊണ്ടു വച്ചതാകാം എന്നും പൊലീസ് സംശയിക്കുന്നു.











