
ന്യൂഡൽഹി: മെസേജിങ് പ്ലാറ്റ്‌ഫോമുകളിലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പരിശോധന ശക്തമാക്കി. വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും നോട്ടീസ് അയച്ച സർക്കാർ, ഈ സംവിധാനം എങ്ങനെ നടപ്പാക്കിയിട്ടുണ്ടെന്നും ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും വിശദീകരണം തേടി.
ഫോൺ നമ്പർ മറച്ചുവെച്ച് ആശയവിനിമയം നടത്താൻ അനുവദിക്കുന്ന യൂസർനെയിം സംവിധാനം ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് വഴിവെക്കുമോയെന്ന ആശങ്കയാണ് കേന്ദ്രം ഉയർത്തുന്നത്. വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും എങ്ങനെ കണ്ടെത്തി തടയുന്നുവെന്നതടക്കമുള്ള വിവരങ്ങളും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, സോഹോയുടെ മെസേജിങ് ആപ്പായ അരട്ടൈയിൽ യൂസർനെയിം ഫീച്ചർ പിൻവലിച്ചതായി സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു അറിയിച്ചു. സുരക്ഷാ വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന.
അതേസമയം, വിഷയത്തിൽ ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി വാട്സാപ്പും രംഗത്തെത്തി. യൂസർനെയിം ഫീച്ചർ ഇതുവരെ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിട്ടില്ലെന്നും, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ അത് പുറത്തിറക്കുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി. അതിനാൽ നിലവിൽ വാട്സാപ്പിൽ യൂസർനെയിം സംവിധാനം പ്രാബല്യത്തിലില്ലെന്നും കമ്പനി വിശദീകരിച്ചു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, പുതിയ ഡിജിറ്റൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് അവയുടെ സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കണമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.










