
വരുന്ന സാമ്പത്തിക വർഷത്തിൽ ടെലികോം സേവനങ്ങളുടെ നിരക്ക് 20 ശതമാനം വരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. 2026- 27 സാമ്പത്തിക വർഷം ജനം ഫോൺ റീച്ചാർജ്ജ് ചെയ്യാനായി 20 ശതമാനം വരെ അധിക തുക നൽകേണ്ട സാഹചര്യമുണ്ടാകും എന്നാണ് വിപണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. പുതുവർഷം ആരംഭിക്കുന്നതോടെ തന്നെ നിരക്ക് വർധന ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ജനുവരി–മാർച്ച് പാദത്തിൽ ഇതിന് സാധ്യത കുറവാണെന്നാണ് പുതിയ വിലയിരുത്തൽ. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യത്തോടെ നിരക്ക് വർധനവ് ടെലികോം കമ്പനികൾ പ്രഖ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വോഡഫോൺ–ഐഡിയയുടെ എജിആർ കുടിശിക സംബന്ധിച്ച് കേന്ദ്ര സർക്കാർ ആശ്വാസ നടപടി പ്രഖ്യാപിച്ചതും, റിലയൻസ് ജിയോയിലെ ഓഹരി പ്രവേശനവും ടെലികോം കമ്പനികൾക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. എന്നിരുന്നാലും, നിരക്ക് വർധന പെട്ടെന്ന് നടപ്പാക്കാൻ കമ്പനികൾ തയ്യാറാകില്ലെന്നാണ് വിദഗ്‍ധരുടെ അഭിപ്രായം.
പ്ലാൻ ഘടനയിൽ മാറ്റം
കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഭൂരിഭാഗം കമ്പനികളും ഇതിനോടകം പിൻവലിച്ചു. പകരം, ഒടിടി സേവനങ്ങൾ ഉൾപ്പെടുന്ന ബണ്ടിൽ പാക്കുകൾക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം. ഇതിലൂടെ ഓരോ ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ARPU) ഉയർത്തുകയാണ് കമ്പനികളുടെ ലക്ഷ്യം.
നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലി, ടെലികോം നിരക്കുകളിൽ 16–20 ശതമാനം വരെ വർധന ഉടൻ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മൂന്ന് തവണയായി നിരക്ക് വർധിപ്പിച്ച കമ്പനികൾ, ഈ അധിക വരുമാനം 5ജി സേവനങ്ങളിലേക്കുള്ള നിക്ഷേപത്തിനായി ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. 2025ൽ തന്നെ 10–20 ശതമാനം വരെ നിരക്ക് കൂട്ടിയിരുന്നു.
എപ്പോൾ വർധന?
2026ന്റെ തുടക്കത്തിൽ തന്നെ നിരക്ക് ഉയരും എന്നായിരുന്നു ആദ്യ കണക്കുകൂട്ടൽ. എന്നാൽ ഇപ്പോഴത്തെ വിലയിരുത്തലുകൾ പ്രകാരം, 2026 കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതിയിൽ മാത്രമേ നിരക്ക് വർധന നടപ്പിലാകൂ. അതായത് ജൂണിന് ശേഷമേ ഉപഭോക്താക്കൾക്ക് പുതിയ നിരക്കുകൾ നേരിടേണ്ടിവരൂ.
അതു വരെ നിലവിലെ നിരക്കുകൾ തുടരുമെന്നാണ് സൂചന. ഇതിന്റെ ഫലമായി റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ–ഐഡിയ തുടങ്ങിയ കമ്പനികളുടെ വരുമാന വളർച്ച അടുത്ത മാസങ്ങളിൽ പരിമിതമായിരിക്കുമെന്നും വിപണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.










