05:15pm 18 August 2026
NEWS
ജിയോയുടെ പുതിയ നീക്കവും എയർടെലിന്റെ പ്ലാൻ പിൻവലിക്കലും; രാജ്യത്ത് ടെലികോം നിരക്കുകൾ ഉയരുമോ?
18/08/2026  04:58 PM IST
nila
ജിയോയുടെ പുതിയ നീക്കവും എയർടെലിന്റെ പ്ലാൻ പിൻവലിക്കലും; രാജ്യത്ത് ടെലികോം നിരക്കുകൾ ഉയരുമോ?

ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ വീണ്ടും താരിഫ് വർധനയ്ക്ക് കളമൊരുങ്ങുന്നതായി സൂചന. വലിയൊരു ഇടവേളയ്ക്കുശേഷം മൊബൈൽ റീച്ചാർജ് നിരക്കുകൾ ഉയർത്താനുള്ള നീക്കത്തിലാണ് മുൻനിര ടെലികോം കമ്പനികളെന്നാണ് വിപണി വിലയിരുത്തൽ.

എയർടെൽ തിരഞ്ഞെടുത്ത എൻട്രി ലെവൽ പ്രീപെയ്ഡ് ഡേറ്റാ പ്ലാനുകൾ കഴിഞ്ഞയാഴ്ച പിൻവലിച്ചതിന് പിന്നാലെയാണ് നിരക്ക് വർധന സംബന്ധിച്ച ചർച്ചകൾ സജീവമായത്. 28 മുതൽ 60 ദിവസം വരെ വാലിഡിറ്റിയുള്ള ചില പ്ലാനുകളാണ് കമ്പനി ഒഴിവാക്കിയത്.

ഇതിന് പിന്നാലെ റിലയൻസ് ജിയോ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ വീണ്ടും അവതരിപ്പിച്ചതും ശ്രദ്ധേയമായി. 300 രൂപയാണ് സബ്സ്ക്രിപ്ഷൻ ഫീസ്. ഭാവിയിൽ താരിഫ് വർധിപ്പിച്ചാലും നിലവിലെ റീച്ചാർജ് പ്ലാനുകൾ ഒരു വർഷത്തേക്ക് തുടരാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.

ജിയോ പ്രൈം പ്ലാനിന് 2027 സെപ്റ്റംബർ വരെയാണ് വാലിഡിറ്റി. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ആറുമാസത്തിനുള്ളിൽ ടെലികോം താരിഫുകൾ പരിഷ്കരിച്ചേക്കാമെന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ വിലയിരുത്തൽ. എൻട്രി ലെവൽ സ്മാർട്ഫോൺ പ്ലാനുകൾക്ക് കുറഞ്ഞത് 50 രൂപയുടെ വർധനയുണ്ടാകാനും സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, കുറഞ്ഞ നിരക്കിൽ കൂടുതൽ ഉപഭോക്താക്കളെ സ്വന്തമാക്കുകയെന്ന പഴയ ബിസിനസ് തന്ത്രത്തിൽനിന്ന് ടെലികോം കമ്പനികൾ മാറുകയാണെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. പ്രീമിയം സേവനങ്ങൾ, ഓരോ ഉപഭോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം (ARPU), മെച്ചപ്പെട്ട പണലഭ്യത എന്നിവയ്ക്കാണ് കമ്പനികൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.

ഇതിന്റെ ഭാഗമായി താരിഫ് വർധന നടപ്പാക്കുന്നത് കമ്പനികളുടെ വരുമാനവും ലാഭക്ഷമതയും മെച്ചപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായേക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് അധിക ചെലവ് വരുമെങ്കിലും ടെലികോം കമ്പനികൾക്ക് സാമ്പത്തികമായി കൂടുതൽ കരുത്ത് നൽകുന്ന നീക്കമായിരിക്കും നിരക്ക് പരിഷ്കരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img