11:59pm 12 November 2026
NEWS
ടെലികോം ദക്ഷിണമേഖലാ വാര്‍ഷിക സുരക്ഷാ സമ്മേളനം എറണാകുളത്ത് നടന്നു
12/02/2026  08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ടെലികോം ദക്ഷിണമേഖലാ വാര്‍ഷിക സുരക്ഷാ സമ്മേളനം എറണാകുളത്ത് നടന്നു

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികോം വകുപ്പിന്റെ (DoT) ഡയറക്ടര്‍ ജനറല്‍ ടെലികോം (DGT) ആസ്ഥാനത്തിന് കീഴിലുള്ള കേരള ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ (LSA), സുരക്ഷാ സംബന്ധമായ വിഷയങ്ങളെക്കുറിച്ചുള്ള ദക്ഷിണമേഖലാ വാര്‍ഷിക സമ്മേളനം 2026 ഫെബ്രുവരി 12-ന് എറണാകുളം മറൈന്‍ ഡ്രൈവിലെ ഹോട്ടല്‍ താജ് വിവാന്തയില്‍ സംഘടിപ്പിച്ചു.

സമ്മേളനത്തില്‍ ടെലികോം വകുപ്പിന്റെ നാല് ദക്ഷിണമേഖലാ എല്‍.എസ്.എ-കളിലെ (കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക) ഉദ്യോഗസ്ഥരും, കേന്ദ്ര-സംസ്ഥാന നിയമപാലന ഏജന്‍സികളും (LEAs), വിവിധ ടെലികോം സേവന ദാതാക്കളും (എയര്‍ടെല്‍, ആര്‍.ജെ.ഐ.എല്‍, ബി.എസ്.എന്‍.എല്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്) പങ്കെടുത്തു. കൂടാതെ ആര്‍.ബി.ഐ, എസ്.ബി.ഐ, ഫോണ്‍പേ, സി.ഒ.എ.ഐ (COAI), ഐ.എസ്.പി.എ.ഐ (ISPAI) എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. 122 കോടിയിലധികം വരിക്കാരുള്ള രാജ്യത്തെ ടെലികോം സുരക്ഷയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനം.

ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (DCC) മെമ്പര്‍ (സര്‍വീസസ്) ശ്രീ. ദേബ് കുമാര്‍ ചക്രവര്‍ത്തി, കേരള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടെലികോം ശ്രീ. ബെന്നി ചിന്നപ്പന്‍, കേരള എ.ഡി.ജി.പി ശ്രീ. എസ്. ശ്രീജിത്ത് ഐ.പി.എസ് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഡി.ജി ടെലികോം ശ്രീ. ആര്‍.കെ. ഗോയല്‍ ഉദ്ഘാടന പ്രസംഗം നടത്തി.

ടെലികോം വകുപ്പിന്റെ പോര്‍ട്ടലില്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്ത, മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയ ദക്ഷിണമേഖലയിലെ 8 പോലീസ് ജില്ലകളെ/യൂണിറ്റുകളെ ചടങ്ങില്‍ ആദരിച്ചു:

?    കൊല്ലം റൂറല്‍ (കേരളം)
?    ഹാവേരി (കര്‍ണാടക)
?    രാജണ്ണ സിര്‍സില്ല (തെലങ്കാന)
?    പല്‍നാട് (ആന്ധ്രാപ്രദേശ്)
?    മധുര (തമിഴ്നാട്)
?    ലക്ഷദ്വീപ്
?    പുതുച്ചേരി
?    ദക്ഷിണ റെയില്‍വേ (ഇന്ത്യന്‍ റെയില്‍വേ, ദക്ഷിണമേഖല)

സിഇഐആര്‍ പോര്‍ട്ടല്‍ വഴി നഷ്ടപ്പെട്ട മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ പരമാവധി വീണ്ടെടുക്കുന്നതിന് കേരളത്തിലും ലക്ഷദ്വീപിലും മികച്ച പ്രകടനം കാഴ്ചവച്ച ജില്ലകള്‍ക്കുള്ള   അവാര്‍ഡുകള്‍ സമ്മാനിച്ചു . ശ്രീ. വിഷ്ണു പ്രദീപ് ടി.കെ., ഐ.പി.എസ്, എസ്.പി. കൊല്ലം റൂറല്‍, ശ്രീ. പി. പി. ആഷിക്, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (എച്ച്ക്യു), ലക്ഷദ്വീപ് പോലീസ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്

പ്രധാന ചര്‍ച്ചാവിഷയങ്ങള്‍

ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഈ കാലഘട്ടത്തില്‍ ടെലികോം ശൃംഖലകള്‍ സുരക്ഷിതമാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഡി.ജി ടെലികോം ശ്രീ. ആര്‍.കെ. ഗോയല്‍ ഊന്നിപ്പറഞ്ഞു. ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിന്റെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാന്‍ നിയന്ത്രണ ഏജന്‍സികളും സേവന ദാതാക്കളും നിയമപാലകരും തമ്മിലുള്ള ഏകോപനം ആവശ്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ വ്യക്തമാക്കി.

സമ്മേളനത്തിലെ പ്രധാന ചര്‍ച്ചകള്‍ താഴെ പറയുന്നവയായിരുന്നു:
?    സൈബര്‍ സുരക്ഷ: സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനും ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയുന്നതിനുമുള്ള സഹകരണം.
?    നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: അനധികൃത ടെലികോം സെറ്റപ്പുകള്‍ കണ്ടെത്തലും നിയമനടപടികളും.
?    സാങ്കേതിക വിദ്യകള്‍: സഞ്ചാര്‍ സാഥി മൊഡ്യൂളുകളുടെ (Chakshu, CEIR) ഉപയോഗം, ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് (DIU), ടെലികോം സൈബര്‍ സെക്യൂരിറ്റി ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം (T-CSIRT) എന്നിവയുടെ പങ്ക്.
ടെലികോം രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം
?    5G വിപ്ലവം: 2022-ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 5G സേവനം ഇന്ന് രാജ്യത്തെ 777 ജില്ലകളില്‍ 776-ലും ലഭ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള 5G വ്യാപനമാണ് ഇന്ത്യയിലുണ്ടായത്.
?    കുറഞ്ഞ നിരക്ക്: ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാകുന്നത് ഇന്ത്യയിലാണ്.
?    ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം (DIP): സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫേഷ്യല്‍ റെക്കഗ്‌നിഷനും ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോം ടെലികോം വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.
?    സഞ്ചാര്‍ സാഥി (Sanchar Saathi): നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും ഒരാളുടെ പേരില്‍ എത്ര കണക്ഷനുകള്‍ ഉണ്ടെന്ന് അറിയാനും ഈ പോര്‍ട്ടല്‍ സഹായിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 കോടി ആളുകള്‍ ഈ പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയും 1.9 കോടി പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു.
?    നടപടികള്‍: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5 കോടിയിലധികം സംശയാസ്പദമായ കണക്ഷനുകള്‍ റദ്ദാക്കി. ഏകദേശം 8.5 ലക്ഷം മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെത്തി.

പരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡി.ജി ടെലികോം ശ്രീ. ആര്‍.കെ. ഗോയല്‍, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (DCC) മെമ്പര്‍ (സര്‍വീസസ്) ശ്രീ. ദേബ് കുമാര്‍ ചക്രവര്‍ത്തി,  കേരള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടെലികോം ശ്രീ. ബെന്നി ചിന്നപ്പന്‍, എഡിജി ടെലികോം ശ്രീ സുരേഷ് പുരി എന്നിവര്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിവിധ ചര്‍ച്ചകള്‍ സംബന്ധിച്ചും അവയുടെ ഫലങ്ങളെ കുറിച്ചും കൂടാതെ സൈബര്‍ സുരക്ഷാ ഉറപ്പാക്കാന്‍  വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും അവര്‍ വിശദീകരിച്ചു.

മൊബൈല്‍ ടവര്‍ റേഡിയേഷന്‍: ലോകാരോഗ്യ സംഘടനയുടെയും (WHO) അന്താരാഷ്ട്ര കമ്മീഷന്റെയും (ICNIRP) നിര്‍ദ്ദേശങ്ങളേക്കാള്‍ കര്‍ശനമായ റേഡിയേഷന്‍ മാനദണ്ഡങ്ങളാണ് ഇന്ത്യ പിന്തുടരുന്നത്. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തെ ടവര്‍ റേഡിയേഷന്‍ നില പരിശോധിക്കാന്‍ 'തരംഗ് സഞ്ചാര്‍ പോര്‍ട്ടല്‍' (Tarang Sanchar Portal) സൗകര്യം ലഭ്യമാണ്.സുരക്ഷിതവും സുദൃഢവുമായ ഒരു ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് എല്ലാ പങ്കാളികളുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ട് സമ്മേളനം സമാപിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img