
ദുരഭിമാനക്കൊലയിൽ പ്രധാന പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. തെലങ്കാനയിൽ പെരുമല്ല പ്രണയ് കുമാറിനെ (23) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയെ വധശിക്ഷക്ക് വിധിച്ചത്. കേസിലെ പ്രതികളായ മറ്റ് ആറുപേർക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ദളിത് യുവാവായ പ്രണയ് കുമാറിനെ കൊലപ്പെടുത്താൻ പെൺകുട്ടിയുടെ പിതാവ് ക്വട്ടേഷൻ കൊടുത്തത്.
സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെയാണ് പ്രണയ് കുമാർ പ്രണയിച്ച് വിവാഹം കഴിച്ചത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏർപ്പാടു ചെയ്തത്. 2018 സെപ്റ്റംബർ 14ന് പ്രണയ് കുമാറിനെ വാടകക്കൊലയാളിയായ സുഭാഷ് കുമാർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 6 മാസം മുൻപ് മാത്രമായിരുന്നു വിവാഹം. 2019 ജനുവരിയിൽ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നൽകി. കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ കുറ്റത്തിൽ പശ്ചാത്തപിച്ച് കത്തെഴുതി വച്ച ശേഷം ജയിലിൽ ആത്മഹത്യ ചെയ്തു.
മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 2003ൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരൺ പാണ്ഡ്യയെ വധിച്ച കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതികളാണ് മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി എന്നിവർ.











