
ഹൈദരാബാദിൽ സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശം വിവാദമാകുന്നു. തെലങ്കാനയ്ക്ക് ഇന്ന് ക്രിസ്മസ് ആഘോഷിക്കാൻ കഴിയുന്നത് സോണിയ ഗാന്ധിയുടെ ത്യാഗം കാരണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.
സംസ്ഥാന രൂപീകരണത്തിൽ സോണിയ ഗാന്ധി നിർണായക പങ്കുവഹിച്ചതായും, അവരുടെ ജന്മദിനവും തെലങ്കാന രൂപവത്കരിച്ച മാസവും ഡിസംബർ ആയതിനാൽ ഈ മാസം സംസ്ഥാനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി മതപരമായ ആഘോഷത്തെ രാഷ്ട്രീയവത്കരിച്ചെന്ന് ബിജെപി ആരോപിച്ചു. സോണിയ ഗാന്ധി ഹിന്ദു വിശ്വാസങ്ങൾ പൊതുവെ പ്രകടിപ്പിച്ചിട്ടില്ലെന്നും, ക്രിസ്തുമതം പിന്തുടരുന്നുവെന്നതും ബിജെപി വക്താവ് ആർ.പി. സിങ് ചൂണ്ടിക്കാട്ടി. അധികാരത്തിലിരുന്ന സമയത്ത് ജൻപഥിലെ വസതിയിൽ ക്രിസ്മസ് ആഘോഷിച്ചിരുന്നുവെങ്കിലും ദീപാവലി ആഘോഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും തങ്ങളുടെ മതവിശ്വാസങ്ങൾ പാലിക്കാനുള്ള അവകാശമുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ പരാമർശം അനുചിതമാണെന്ന് ആർ.പി. സിങ് വ്യക്തമാക്കി. നെഹ്റു–ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്താനാണ് രേവന്ത് റെഡ്ഡി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ബിജെപി നേതാവ് നളിൻ കോലിയും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന തെലങ്കാനയിലെ രാഷ്ട്രീയ വേദിയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.











