05:21pm 11 November 2026
NEWS
തേജസ്വി എച്ച്പിസി ആധുനിക ഗവേഷണത്തിന് സഹായകമാകുന്ന സംവിധാനം മന്ത്രി ആർ ബിന്ദു
27/10/2025  06:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തേജസ്വി എച്ച്പിസി ആധുനിക ഗവേഷണത്തിന് സഹായകമാകുന്ന സംവിധാനം മന്ത്രി ആർ ബിന്ദു
HIGHLIGHTS

ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തേജസ്വിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.

കൊച്ചി: "തേജസ്വി എച്ച്പിസി ആധുനികമായ ഗവേഷണത്തിന് സഹായകമാകുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു എന്നതിൽ അഭിമാനമുണ്ട്," എന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പ്രോചാൻസലറുമായ ഡോ. ആർ ബിന്ദു പറഞ്ഞു. ദക്ഷിണേന്ത്യയിലെ സര്‍വകലാശാല തലത്തിൽ സ്ഥാപിച്ച ഏറ്റവും വലിയ ഹൈബ്രിഡ് ഹൈപെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനമായ 'തേജസ്വിയുടെ' ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തേജസ്വിയും, കുസാറ്റ് അനലിറ്റിക്കൽ ഇന്‍സ്ട്രുമെന്‍റ്സ് ഫെസിലിറ്റിയും ഭാവിയിലേക്ക് വളരെ വലിയ അനുഗ്രഹമായി തീരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. കുസാറ്റ് സിൻഡിക്കേറ്റ് അംഗവും സിഐആർഎം ഡയറക്ടർ ഡോ. ജി സന്തോഷ് കുമാർ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം ശശി ഗോപാലൻ, മുൻ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ, രജിസ്ട്രാർ ഡോ. അരുൺ എ. യു, ഫിനാൻസ് ഓഫീസർ ഗിരീഷ് കുമാർ, സയൻസ് ഡീൻ ഡോ. ശിവാനന്ദൻ ആചാരി, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തേജസ്വി എച്ച്പിസി സിസ്റ്റം 350 ടെറാഫ്ലോപ്പ്സ് (സസ്റ്റെയ്ൻഡ്) ശേഷിയുള്ള ഹൈബ്രിഡ് ഹൈ-പര്‍ഫോര്‍മന്‍സ് കമ്പ്യൂട്ടിംഗ് (HPC) സംവിധാനമാണ്. 102 കമ്പ്യൂട്ട് നോഡുകളും, 9 ജിപിയു നോഡുകളും, 2 പെറ്റാബൈറ്റ് ഫയല്‍ സ്റ്റോറേജും ഉള്‍ക്കൊള്ളുന്ന ഈ സംവിധാനം ഹ്യൂലറ്റ് പാക്കാര്‍ഡ് എന്‍റര്‍പ്രൈസും (HPE), സ്റ്റാര്‍വണ്‍ ഐടി സൊല്യൂഷന്‍സും ചേര്‍ന്നാണ് രൂപകല്‍പന ചെയ്ത് കുസാറ്റ് സെന്‍റർ ഫോർ ഇന്‍ഫര്‍മേഷൻ റിസോഴ്സ് മാനേജ്മന്‍റിൽ (CIRM) സ്ഥാപിച്ചിരിക്കുന്നത്. ക്ലൈമറ്റ് മോഡലിങ്, കമ്പ്യൂട്ടേഷണൽ എഞ്ചിനിയറിങ്, ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് ഇത് ഉപകരിക്കും.

കേരള സര്‍ക്കാരിന്‍റെ കിഫ്ബി പദ്ധതി വഴി കുസാറ്റിന് ലഭ്യമായ 230 കോടി രൂപയിൽ 26 കോടി രൂപ ഉപയോഗിച്ചാണ് തേജസ്വി സ്ഥാപിച്ചിരിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെ 118 കോടിരൂപയാണ് അതിനൂതന ഗവേഷണ ഉപകരണങ്ങള്‍ വാങ്ങുവാൻ ഉപയോഗിച്ചത്. അത്തരം ഉപകരണങ്ങളും അതോടൊപ്പം സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിൽ ലഭ്യമായതും ഉപയോഗത്തിലുള്ളതുമായ ആധുനിക ഗവേഷണ ഉപകരണങ്ങളും ഏകോപിപ്പിച്ച് കുസാറ്റ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റ്സ് ഫെസിലിറ്റി (കുസാറ്റ് അപഗ്രഥന ഉപകരണ സൗകര്യം) എന്ന ഏകീകൃത സംവിധാനം ഒരുക്കിയിരിക്കുകയാണ്. അധ്യാപകര്‍ക്കും, ഗവേഷകര്‍ക്കും, പൊതു ജനങ്ങള്‍ക്കും, ഒരേ പ്ലാറ്റ്ഫോമിലൂടെ ഗവേഷണ ഉപകരണങ്ങളുടെ ഉപയോഗം ലഭ്യമാക്കാനും, സാമ്പിളുകളുടെ പരിശോധനക്കായി അയക്കാനും, ഉപയോഗ സാധ്യത നിശ്ചയിക്കാനും, ബുക്കിംഗുകള്‍ സമര്‍പ്പിക്കാനും, പണമടയ്ക്കാനും സൗകര്യമൊരുക്കുന്ന ഒരു ഡിജിറ്റല്‍ സംവിധാനം കൂടി മികവാര്‍ന്ന രീതിയിൽ ഇവിടെ സ്ഥാപിതമാകുകയാണ്.

ആകെ 206 ഉപകരണങ്ങൾ ലഭ്യമാണ്. ഫീല്‍ഡ് എമിഷൻ സ്കാനിങ് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് (FESEM), എക്സ്-റേ ഡിഫ്രാക്ടോമീറ്റര്‍ (XRD), കോണ്‍ഫോകൽ ലേസർ സ്കാനിങ് മൈക്രോസ്കോപ്പ്, ലിക്വിഡ് ക്രോമാറ്റോഗ്രാഫി ഹൈറെസല്യൂഷന്‍ മാസ് സ്പെക്ട്രോമെട്രി (LCHRMS), ഡി.എന്‍.എ. സാങര്‍ സീക്വന്‍സിങ് സംവിധാനം, ആറ്റോമിക് ഫോഴ്സ് മൈക്രോസ്കോപ്പ് (AFM), രാമന്‍ സ്പെക്ട്രോസ്കോപ്പി, സര്‍ഫസ് ഏരിയ അനലൈസര്‍, ഐസിപി-എംഎസ്-ഐസി എന്നിവയാണ് പ്രധാന ഉപകരണങ്ങള്‍.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img