
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ 15-കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചിക്കമഗളൂരു ജില്ലയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിനടുത്തുള്ള വ്യൂപോയിന്റ് പരിസരത്ത് നിന്ന് കാണാതായതിനെ തുടർന്ന് മൂന്നുദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ്, വനംവകുപ്പ്, ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഡ്രോൺ ക്യാമറകളും ഉപയോഗപ്പെടുത്തി പ്രദേശം വ്യാപകമായി പരിശോധിച്ചു. ഒടുവിൽ ബാബ ബുധാൻഗിരിക്ക് താഴെയുള്ള ഹർഷന ഗുപ്പ പ്രദേശത്ത്, ഏകദേശം 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ വെള്ളച്ചാട്ടത്തിൽ വീണെന്ന സംശയം ഉയർന്നിരുന്നുവെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ പൊലീസ് ആ സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മറ്റു രണ്ടു കുട്ടികളോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് ശ്രീനന്ദയെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. സംഘം മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്.
ശ്രീനന്ദയോടൊപ്പം എത്തിയ 40 അംഗ സംഘത്തിൽപ്പെട്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ തിരച്ചിലിന് സഹായമായി സ്ഥലത്ത് തുടരുകയായിരുന്നു. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പർവതനിരയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ബാബ ബുധാൻഗിരി.











