10:57am 09 November 2026
NEWS
പുഴയിൽവീണ അനുജത്തിയെ രക്ഷിക്കാൻശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം
27/04/2025  09:32 AM IST
nila
പുഴയിൽവീണ അനുജത്തിയെ രക്ഷിക്കാൻശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ: പുഴയിൽവീണ അനുജത്തിയെ രക്ഷിക്കാൻശ്രമിച്ച പെൺകുട്ടി മുങ്ങിമരിച്ചു. വാഴക്കുളം മുടിക്കൽ മൗലൂദുപുര റോഡിൽ പുളിക്കക്കുടി ഷാജഹാന്റെയും സൈനയുടെയും മകൾ ഫാത്തിമ ഷെറിനാണ് (19) മരിച്ചത്. സഹോദരി ഫർഹത്ത് (15)  കാൽവഴുതി പുഴയിൽവീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവെയാണ് ഫാത്തിമ ഷെറിന് ജീവൻ നഷ്ടമായത്. ഫർഹത്തിന് പ്രദേശവാസികൾ രക്ഷപെടുത്തി. 

പെരിയാറിലെ തടിഡിപ്പോ കടവിൽ ശനിയാഴ്ച രാവിലെ 6.30 നാണ് അപകടം. മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ നടക്കാനെത്തിയ സഹോദരിമാർ ഇടയ്ക്ക് സെൽഫി എടുക്കുന്നതിനായി കടവിലെ പാറയിൽ കയറിയതാണ്. ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വീണ ഫർഹത്തിനെ രക്ഷപ്പെടുത്താൻ പുഴയിലേക്കുചാടിയ ഫാത്തിമ ഒഴുക്കിൽപ്പെട്ടു. കടവിനുസമീപം ചൂണ്ടയിട്ടിരുന്നവരാണ് ഫർഹത്തിനെ രക്ഷപ്പെടുത്തിയത്.

പെരുമ്പാവൂർ അഗ്നിസുരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിൽ കോതമംഗലത്തുനിന്നും എത്തിയ സ്കൂബ ടീം ഒന്നരമണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ അൻപതുമീറ്റർ അകലെ മൃതദേഹം കണ്ടെത്തി.

ഫാത്തിമ പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജ് ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർഥിനിയാണ്. പിതാവ് ഷാജഹാൻ ഖത്തറിൽ ഡ്രൈവറാണ്. അവധിക്ക് നാട്ടിലെത്തി മൂന്നുദിവസം മുൻപാണ് ഷാജഹാൻ തിരികെപോയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img