04:50am 09 May 2026
NEWS
ഇരുപത്താറുകാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചതോടെ പതിനഞ്ചുകാരൻ ജീവനൊടുക്കി
08/05/2026  01:34 PM IST
nila
ഇരുപത്താറുകാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചതോടെ പതിനഞ്ചുകാരൻ ജീവനൊടുക്കി

ബെംഗളൂരു: ഇരുപത്താറുകാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിന് പിന്നാലെ പതിനഞ്ചുകാരൻ ജീവനൊടുക്കി. ബെം​ഗളുരുവിലെ ബിദദിയിലാണ് കൗമാരക്കാരൻ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടിയുമായി ബന്ധം പുലർത്തിയിരുന്ന എച്ച്.എൻ. ശോഭ എന്ന യുവതിക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കേസെടുത്തു. കഴിഞ്ഞ ഏപ്രിൽ 24 ന് സുഹൃത്തിന്റെ വീട്ടിൽവെച്ചാണ് വിഷം കഴിച്ചതെന്നാണ് റിപ്പോർട്ട്. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. 

ആൺകുട്ടിയുടെ പിതാവിന്റെ കടയിലായിരുന്നു ശോഭ ജോലി ചെയ്തിരുന്നത്. ശോഭയുമായി വിദ്യാർത്ഥിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശോഭയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പൊലീസ് മുന്നറിയിപ്പ് നൽകിയതായും വിവരമുണ്ട്.

എന്നാൽ മുന്നറിയിപ്പിനുശേഷവും സോഷ്യൽ മീഡിയ വഴിയുള്ള ബന്ധം തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. യുവതിയുമായി ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാർ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ കുട്ടി വീട് വിട്ട് സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ പോയിരുന്നു.

ശോഭയെ വിവാഹം കഴിക്കാൻ കഴിയില്ലെങ്കിൽ ജീവൻ ഒടുക്കുമെന്ന് കുട്ടി പിതാവിനോട് പറഞ്ഞിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി. ആത്മഹത്യശ്രമത്തിന് മുമ്പ് യുവതിയുമായി ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img