
ദോഹ:2024–2025 കാലയളവിൽ നിർമ്മിച്ച ഫോർഡ് മുസ്റ്റാങ് വാഹനങ്ങൾ റിക്കാൾ ചെയ്യുന്നതായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. ഫോർഡ് വാഹനങ്ങളുടെ അധികൃത ഡീലറായ അൽമാന മോട്ടോഴ്സുമായി സഹകരിച്ചാണ് നടപടി.
വാഹനത്തിന്റെ ബോഡി കൺട്രോൾ യൂണിറ്റിലേക്ക് വെള്ളം കയറാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് റിക്കാൾ. ഇതുമൂലം വാഹനത്തിലെ ബാഹ്യ ലൈറ്റിംഗ് സംവിധാനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇത് വാഹനസുരക്ഷയെ ബാധിക്കാവുന്ന പ്രശ്നമായതിനാലാണ് മുൻകരുതൽ നടപടിയായി റിക്കാൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വാഹനങ്ങളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിൽ ഡീലർമാർ അവരുടെ ബാധ്യതകൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ നിരീക്ഷണവും ഏകോപന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഈ നടപടി. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അറിയിച്ചു.
റിക്കാൾ പരിധിയിൽ ഉൾപ്പെടുന്ന വാഹന ഉടമകൾ അധികൃത ഡീലറെ സമീപിച്ച് ആവശ്യമായ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.










