
മക്കളുടെ അസുഖങ്ങൾ മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ആൾദൈവവും സംഘവും ഏഴുവർഷത്തിനിടെ 14 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഐടി ജീവനക്കാരൻ. ബഹുരാഷ്ട്ര ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന പുണെ സ്വദേശിയാണ് ഇതു സംബന്ധിച്ച് പൂണെ പൊലീസിൽ പരാതി നൽകിയത്. സന്ന്യാസിനിയുൾപ്പെടെയുള്ള സംഘമാണ് തട്ടിപ്പ് നടത്തിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ സംഘത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.
ഓട്ടോ ഇമ്യൂൺ രോഗവും ഓട്ടിസവും ബാധിച്ച രണ്ടു പെൺമക്കളുടെ ചികിത്സാമാർഗം തേടിയിരിക്കെ 2018-ൽ ഭജനാ പരിപാടിയിലൂടെ തട്ടിപ്പുകാർ യുവതിയുടെ ഭാര്യയെ സമീപിച്ചതായി പൊലീസ് പറയുന്നു. ‘സിദ്ധന്റെ ആത്മാവ്’ തങ്ങളിൽ പ്രവേശിക്കുന്നുവെന്നും അതിലൂടെ ഏത് രോഗവും ഭേദമാക്കാമെന്നുമായിരുന്നു പ്രതികളുടെ അവകാശവാദം. വീട്ടിലെ ദൗർഭാഗ്യം നീക്കാൻ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തണമെന്നും പറഞ്ഞ് അവർ നിരന്തരം വൻതുക പിരിച്ചു.
ബ്രിട്ടണിലുള്ള കുടുംബവീട് മുതൽ നാട്ടിലെ കൃഷിഭൂമിവരെ “ദൗർഭാഗ്യം കൊണ്ടുവരുന്നവ” എന്നാണ് സംഘം പറഞ്ഞത്. ഇതിനെ തുടർന്ന് ഇവ വിൽപ്പനയ്ക്ക് വെക്കാൻ കുടുംബത്തെ പ്രേരിപ്പിക്കുകയും വിറ്റുകിട്ടിയ പണം ആത്മീയ ചടങ്ങുകൾക്കായി സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പൂജാചടങ്ങുകൾക്കായി ആവശ്യമായ തുക നൽകാനായി യുവാവ് ബാങ്ക് വായ്പയും ബന്ധുക്കളിൽ നിന്നുള്ള കടവും എടുത്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിൽ പങ്കെടുത്ത ദമ്പതികളെയും സന്ന്യാസിനിയെയും തിരിച്ചറിഞ്ഞ പൊലീസ്, സംഘത്തെ പിടികൂടാനുള്ള തിരച്ചിൽ വ്യാപിപ്പിച്ചു.











