07:14pm 13 October 2026
NEWS
സ്ത്രീധന പീഡനം; ഐടി എൻജിനീയർ ജീവനൊടുക്കി
13/10/2026  04:26 PM IST
nila
സ്ത്രീധന പീഡനം; ഐടി എൻജിനീയർ ജീവനൊടുക്കി

പുണെ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും നിരന്തര പീഡനം നേരിട്ടെന്ന പരാതിക്കു പിന്നാലെ 33കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. തൃഷ്ന രാഹുൽ സക്പാൽ ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.

2018ലായിരുന്നു തൃഷ്നയും രാഹുൽ സക്പാലും തമ്മിലുള്ള വിവാഹം. വിവാഹത്തിനു പിന്നാലെ തന്നെ പണത്തിനായി തൃഷ്നയെ ഭർത്താവും കുടുംബാംഗങ്ങളും സമ്മർദത്തിലാക്കിയിരുന്നതായി പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. തൃഷ്നയുടെ മുഴുവൻ ശമ്പളവും കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്.

ഇതിനുപുറമേ, തൃഷ്നയുടെ മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്ക് മാറ്റണമെന്നും ഭർതൃപിതാവിന്റെ പേരിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. തുടർച്ചയായ ആവശ്യങ്ങളും ശാരീരിക പീഡനങ്ങളും സഹിക്കാനാകാതെ 2021ൽ തൃഷ്ന സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയെന്നാണ് വിവരം.

പിന്നീട് മറ്റൊരു വിവാഹം കഴിക്കുന്നതിനായി തൃഷ്നയിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഈ സംഭവങ്ങളെല്ലാം തൃഷ്നയെ മാനസികമായി തളർത്തിയിരുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 29ന് ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

മരണത്തിനു പിന്നാലെ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിന് ഭർത്താവ്, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവിന്റെ മാതാവ് എന്നിവർ ഉത്തരവാദികളാണെന്ന് തൃഷ്ന ആരോപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തൃഷ്നയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img