10:10pm 11 September 2026
NEWS
അമ്മയുടെ കൈകളാൽ ജീവൻ നഷ്ടമായ കുഞ്ഞിന് കണ്ണീരോടെ വിട; അന്ത്യനിദ്രയ്ക്ക് ഇടമൊരുക്കിയത് കിടപ്പുമുറിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റി
11/09/2026  09:30 PM IST
nila
അമ്മയുടെ കൈകളാൽ ജീവൻ നഷ്ടമായ കുഞ്ഞിന് കണ്ണീരോടെ വിട; അന്ത്യനിദ്രയ്ക്ക് ഇടമൊരുക്കിയത്  കിടപ്പുമുറിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റി

തിരുവനന്തപുരം: കളിച്ചും ചിരിച്ചും നിറയേണ്ട പ്രായത്തിൽ ദാരുണമായി കൊല്ലപ്പെട്ട ഒരുവയസുകാരി ഇവാനയ്ക്ക് നാടിന്റെ കണ്ണീരിൽ യാത്രാമൊഴി. വിളവൂർക്കൽ പൊറ്റയിൽ പുലവന്നിയൂർക്കോണത്തെ വീട്ടിൽ തന്നെയാണ് കുഞ്ഞിന്റെ അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ഇതിനായി വീട്ടിലെ കിടപ്പുമുറിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റി.

ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും മകളാണ് ഇവാന. ഒരു വയസും ഒരു മാസവും മാത്രം പ്രായമുള്ള കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് അമ്മ ക്രിസ്റ്റി (29) ഉറങ്ങിക്കിടക്കുന്നതിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ദമ്പതികളുടെ വിവാഹ വാർഷികദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച വൈകിട്ടാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. അഞ്ചുമണിയോടെ മൃതദേഹം കൊലപാതകം നടന്ന വീട്ടിലെത്തിച്ചു. കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഒഴുകിയെത്തി.

വ്യാഴാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടന്നപ്പോഴാണ് ക്രിസ്റ്റി കുഞ്ഞിനെ കൊലപ്പെടുത്തിയത്. വൈകിട്ട് നാലുമണിയായിട്ടും കുഞ്ഞിന്റെ അനക്കമൊന്നും കാണാതിരുന്നതോടെ അഭിജിത്തിന്റെ കുഞ്ഞമ്മ മുറിയിലേക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ക്രിസ്റ്റിയുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.

ഭർത്താവിന്റെ സംശയം, വീട്ടിലേക്ക് പോകാൻ പോലും അനുവദിച്ചില്ലെന്ന് മൊഴി

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഭർത്താവിന്റെ സംശയവും സ്വന്തം വീട്ടിലേക്ക് പോലും പോകാൻ അനുവദിക്കാത്തതുമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് ക്രിസ്റ്റി പൊലീസിന് മൊഴി നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഉറക്കഗുളിക കഴിച്ച് ക്രിസ്റ്റി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ഇതോടെയാണ് യുവതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രസവാനന്തര വിഷാദവും അന്വേഷണ പരിധിയിൽ

ക്രിസ്റ്റിക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൗൺസലറുടെ സാന്നിധ്യത്തിലായിരിക്കും തുടർ ചോദ്യം ചെയ്യലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികളും ശേഖരിച്ചുവരികയാണ്.

അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കസ്റ്റഡിയിലെടുക്കാനായി പൊലീസ് എത്തിയപ്പോൾ കൊലപാതകം നടത്തിയ രീതിയും കത്തി ഉപയോഗിച്ച സ്ഥലവും ക്രിസ്റ്റി തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തതായും പൊലീസ് അറിയിച്ചു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതിയെ വീണ്ടും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img