11:25pm 25 May 2026
NEWS
അധ്യാപികയായ യുവതി ഓടിച്ച സ്കൂട്ടറിടിച്ച് കാട്ടാനയുടെ കൊമ്പ് മൂന്നായി ഒടിഞ്ഞു
25/05/2026  08:58 PM IST
nila
അധ്യാപികയായ യുവതി ഓടിച്ച സ്കൂട്ടറിടിച്ച് കാട്ടാനയുടെ കൊമ്പ് മൂന്നായി ഒടിഞ്ഞു

ഖാത്തിമ: വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിന്റെ ആഘാതത്തിൽ ആനയുടെ ഒരു കൊമ്പ് മൂന്ന് കഷണങ്ങളായി ഒടിഞ്ഞു. സ്‌കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്കും പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഖാത്തിമയിലാണ് സംഭവം. 

ഹിന്ദ് പബ്ലിക് സ്‌കൂളിലെ അധ്യാപികയായ നികിത കപ്രിയാണ് അപകടത്തിൽപെട്ടത്. യുവതി ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിൽ കാട്ടിൽ നിന്ന് പെട്ടെന്ന് ഇറങ്ങിവന്ന ആനയെ കണ്ട് വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും സമയബന്ധിതമായി നിയന്ത്രിക്കാനായില്ല. തുടർന്ന് സ്‌കൂട്ടർ നേരിട്ട് ആനയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ആനയുടെ കൊമ്പ് ഒടിഞ്ഞ് റോഡിൽ വീഴുകയും സ്‌കൂട്ടറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെ പരിഭ്രാന്തനായ ആന വനത്തിനുള്ളിലേക്ക് ഓടിപ്പോയതായി പ്രദേശവാസികൾ പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനവും പരിശോധനയും നടത്തി. പരിക്കേറ്റ നികിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, റോഡിൽ നിന്ന് കണ്ടെത്തിയ ആനക്കൊമ്പിന്റെ ഭാഗങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് റേഞ്ച് ഓഫീസിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img