
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. ലഹരി ഇടപാടുകളിൽ വിദ്യാർത്ഥികളെ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമാക്കി. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടുകൾക്കും വിദ്യാർത്ഥികളെ മറയാക്കിയോ, അവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
കേസിലെ മുഖ്യ ആസൂത്രക കീർത്തനയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മറ്റ് അധ്യാപികമാരെ ലഹരി ഇടപാടിലേക്ക് കൊണ്ടുവന്നതും കീർത്തനയാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. കീർത്തനയുടെ മൊബൈൽ ഫോണിൽ നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ടതായി കരുതുന്ന ചിത്രങ്ങളും ചാറ്റ് സന്ദേശങ്ങളും കണ്ടെത്തിയതായും, അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റ് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും കീർത്തന നിഷേധിച്ചു. താൻ ഒരു അധ്യാപികയും അമ്മയുമാണെന്നും ലഹരി ഇടപാടുകളുമായി യാതൊരു ബന്ധവുമില്ലെന്നും കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും, ഗ്രാമീണ ബാങ്കിലെയും കൊയിലാണ്ടി കാനറ ബാങ്കിലെയും അക്കൗണ്ടുകൾ ലോൺ ബാധ്യത കാരണം മൈനസിലാണെന്നും കീർത്തന അവകാശപ്പെട്ടു. അന്വേഷണസംഘം പറയുന്നതെല്ലാം അന്തിമസത്യമല്ലെന്നും യഥാർഥ വസ്തുതകൾ പുറത്തുവരണമെന്നും അവർ പറഞ്ഞു.
കീർത്തനയുടെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിലെ മറ്റ് പ്രതികളായ അധ്യാപികമാരായ കാവ്യയെയും നീഷ്മയെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്ത് ലഹരി ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഇതിനിടെ, കേസിലെ മുഖ്യ വിതരണക്കാരനെന്ന് സംശയിക്കുന്ന വയനാട് സ്വദേശി ഷിന്റോ ഷിബുവിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. എംഡിഎംഎ അധ്യാപികമാരിലേക്ക് എത്തിച്ചിരുന്നത് ഷിന്റോയാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇയാളെ പിടികൂടാനായാൽ കേസിലെ ലഹരി ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.










