
കോഴിക്കോട്: എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരള പദ്ധതിയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിൽ കൂടുതൽ അധ്യാപകരോ മറ്റ് വ്യക്തികളോ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു. വടകര ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ലഹരിവിരുദ്ധ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആദ്യം അധ്യാപിക കീർത്തനയും തുടർന്ന് കാവ്യയും അറസ്റ്റിലായത്.
ഇത് ഒരു സാധാരണ ലഹരി കേസ് മാത്രമല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എംഡിഎംഎ വിതരണത്തിനും പണമിടപാടുകൾക്കും പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിനും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനുമായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എസ്.പി. വ്യക്തമാക്കി.
എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ അന്വേഷണത്തിനിടെ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയായ കൂരാച്ചുണ്ട് ചെറുക്കാട്ട് കെ. കാവ്യയെയും ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. പേരാമ്പ്ര ബി.ആർ.സി.യിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷൽ എജ്യുക്കേറ്ററായി ജോലി ചെയ്തിരുന്ന കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നേരത്തെ അറസ്റ്റിലായ കീർത്തനയുടെ ലഹരി പണമിടപാടുകൾ നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനു മുൻപ് മരുതോങ്കര സ്വദേശിനിയായ കീർത്തനയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും പേരാമ്പ്ര ബി.ആർ.സി. ഓഫീസിലേക്ക് ഉപരോധ സമരം നടത്തി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു
അറസ്റ്റിലായ കീർത്തന ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നുവെന്ന വിവരവും പുറത്തുവന്നു. പേരാമ്പ്ര ബി.ആർ.സി. പ്രോജക്ട് ഓഫീസർ ഷാജിമയുടെ വിശദീകരണമനുസരിച്ച്, ജില്ലാ പഞ്ചായത്തിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകിയിരുന്നത് കീർത്തനയായിരുന്നു.
കീർത്തന അറസ്റ്റിലായ ശേഷവും കാവ്യ ജോലിക്കെത്തിയിരുന്നുവെന്നും ഇരുവരും ഒരുമിച്ചാണ് യാത്രചെയ്തിരുന്നതും ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്തിരുന്നതും അധികൃതർ വ്യക്തമാക്കി. കീർത്തനയുടെ അറസ്റ്റ് കഴിഞ്ഞ് കാവ്യയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, കീർത്തനയുമായി സൗഹൃദം മാത്രമാണുള്ളതെന്നും ലഹരി ഇടപാടുകളുമായി തനിക്ക് ബന്ധമില്ലെന്നുമാണ് കാവ്യ വിശദീകരിച്ചതെന്നും പ്രോജക്ട് ഓഫീസർ അറിയിച്ചു.










