08:03pm 10 November 2026
NEWS
അദ്ധ്യാപകരാണ് വ്യക്തികളെ വ്യക്തിത്വമുള്ളവരാക്കുന്നത് ജില്ലാ കളക്ടര്‍
02/06/2025  09:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അദ്ധ്യാപകരാണ്  വ്യക്തികളെ   വ്യക്തിത്വമുള്ളവരാക്കുന്നത്  ജില്ലാ കളക്ടര്‍
HIGHLIGHTS

കുട്ടികളിലെ പഠന ന്യൂനത നേരത്തേ കണ്ടെത്തി പരിഹരിക്കുക ലക്ഷ്യമാക്കി  ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ  (ഐ.എ.പി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും, ചൈല്‍ഡ് കെയര്‍ സെന്റര്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍, കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് എന്നിവര്‍ സംയുക്തമായി ആവിഷ്‌കരിച്ച 'ലേണിംഗ് ഫ്രണ്ട്‌ലി എറണാകുളം ഡിസ്ട്രിറ്റ്'  പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കായി കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച പഠന ശിബിരം  ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജേക്കബ്ബ് അബ്രാഹം, ഡോ.അബ്രാഹം കെ.പോള്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. വിവിന്‍ അബ്രാഹം, ഡോ. എബി മാത്യു,  വിനുമോന്‍ കെ മാത്യു, ഡോ. എം.വേണുഗോപാല്‍, ഡോ.ടി.വി.രവി, ഗായത്രി കൃഷ്ണന്‍, തുടങ്ങിയവര്‍ മുന്‍നിരയില്‍.

കൊച്ചി: സമൂഹത്തില്‍ വ്യക്തികളെ വ്യക്തിത്വത്തിന് ഉടമകളാക്കിമാറ്റുന്നത് അദ്ധ്യാപകരാണെന്ന് ജില്ലാ കളകളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്.കുട്ടികളിലെ പഠന വൈകല്യം കണ്ടെത്തുന്നതിനായി  ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ  (ഐ.എ.പി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും, ചൈല്‍ഡ് കെയര്‍ സെന്റര്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍, കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് എന്നിവര്‍ സംയുക്തമായി അധ്യാപകര്‍ക്കായി  'ലേണിംഗ് ഫ്രണ്ട്‌ലി എറണാകുളം ഡിസ്ട്രിറ്റ്'  പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഠന പരിശീലന പദ്ധതി കലൂര്‍ ഐ.എം.എ ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകരെ എപ്പോഴും ബഹുമാനത്തോടെയും, ആദരവോടെയും മാത്രമേ കാണാന്‍ സാധിക്കൂ. പ്രത്യേകിച്ച് ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്നവരെ. കലാ രംഗത്ത് ഒട്ടേറെ ഗുരുക്കന്മാര്‍ ഉണ്ടായിട്ടും എ.ആര്‍.റഹ്മാന്‍ തന്റെ ഓസ്‌കാര്‍ സമര്‍പ്പിച്ചത് ചെറിയ ക്ലാസുകളില്‍ തന്നെ തന്റെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച അദ്ധ്യാപകര്‍ക്കാണെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

താനും പഠന ന്യൂനതകള്‍ ഉള്ള വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.  അക്ഷരങ്ങള്‍ തലതിരിച്ചെഴുതുക, അക്ഷരതെറ്റുകള്‍ വരുത്തുക, തുടങ്ങിയ ന്യൂനതകള്‍ നിര്‍ബന്ധപൂര്‍വ്വം തിരുത്തിതന്നത് ചെറിയ ക്ലാസിലെ അദ്ധ്യാപകരായിരുന്നു. ഇന്ന് കുട്ടികളിലെ പഠന ന്യൂനതകള്‍ തിരിച്ചറിയാന്‍ കഴുയുന്ന അദ്ധ്യാപകരും സംവിധാനങ്ങളും വിദ്യാഭ്യാസമേഖലയില്‍ ഉണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനാര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി)കൊച്ചിന്‍ പ്രസിഡന്റ് ഡോ. വിവിന്‍ അബ്രാഹം അധ്യക്ഷത വഹിച്ചു.ചൈല്‍ഡ് കെയര്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അബ്രാഹം കെ.പോള്‍ പദ്ധതി വിശദീകരിച്ചു. കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് പ്രസിഡന്റ് വിനുമോന്‍ കെ മാത്യു, , റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ സെക്രട്ടറി ഗായത്രി കൃഷ്ണന്‍,കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ്ബ് അബ്രാഹം,  ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഐ.എ.പി കൊച്ചിന്‍ സെക്രട്ടറി ഡോ. എബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.  ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 100 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്. ഈ അധ്യാപകര്‍ അവരവരുടെ സ്‌കുളുകളിലെ മറ്റ് അധ്യാപകര്‍ക്കും പരിശീലനം നല്‍കുമെന്ന് ചൈല്‍ഡ് കെയര്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അബ്രാഹം കെ.പോള്‍ അറിയിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img