02:25am 29 July 2026
NEWS
‘അധ്യാപിക’മാരും ലഹരിവലയിൽപെട്ടത് ഇൻസ്റ്റ​ഗ്രാം വഴി; എംഡിഎംഎ ഉപയോ​ഗിച്ചിരുന്നെന്നും യുവതികളുടെ മൊഴി; കുട്ടികളും ഇരകളായോ എന്ന ആശങ്ക ശക്തം
28/07/2026  09:06 PM IST
nila
‘അധ്യാപിക’മാരും ലഹരിവലയിൽപെട്ടത് ഇൻസ്റ്റ​ഗ്രാം വഴി; എംഡിഎംഎ ഉപയോ​ഗിച്ചിരുന്നെന്നും യുവതികളുടെ മൊഴി; കുട്ടികളും ഇരകളായോ എന്ന ആശങ്ക ശക്തം

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെ ലഹരി വിതരണത്തിന്റെ പുതിയ രീതികൾ പുറത്തുവരുന്നു. അറിവ് പകരേണ്ട അധ്യാപകർ തന്നെ ലഹരി ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കേസിൽ പേരാമ്പ്ര ബിആർസിയിലെ മൂന്നാമത്തെ അധ്യാപിക കൂടി അറസ്റ്റിലായതോടെ, ഇതിന് പിന്നിലെ വലിയ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

വടകര ആവിക്കൽ സ്വദേശിയായ സഫ്വാനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പേരാമ്പ്ര ബിആർസിയിലെ അധ്യാപിക കീർത്തനയിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് ജൂലൈ 12ന് കീർത്തനയെ ഡാൻസാഫും പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

കീർത്തനയുടെ അക്കൗണ്ടിലേക്ക് ലഹരി ഇടപാടുമായി ബന്ധപ്പെട്ട പണം എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതേ സ്ഥാപനത്തിലെ മറ്റൊരു അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ കാവ്യയും അറസ്റ്റിലായി. ഇതിന് പിന്നാലെയാണ് ആവള സ്വദേശിനിയായ അധ്യാപിക നീഷ്മയും കേസിൽ പിടിയിലാകുന്നത്.

സോഷ്യൽ മീഡിയ വഴി ലഹരി ശൃംഖല

പ്രതികൾ ഇൻസ്റ്റഗ്രാം വഴിയാണ് ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പോലീസ് പറയുന്നത്. ആദ്യം എംഡിഎംഎ ഉപയോഗിച്ചിരുന്ന ഇവർ പിന്നീട് വിൽപ്പനയുടെ ഭാഗമായെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അധ്യാപികമാരെന്ന നിലയിൽ സമൂഹത്തിൽ ലഭിച്ചിരുന്ന വിശ്വാസ്യത ഇവർക്ക് മറയൊരുക്കിയെന്നാണ് പോലീസ് വിലയിരുത്തൽ.

ആവശ്യക്കാരിൽ നിന്ന് അക്കൗണ്ട് വഴി പണം സ്വീകരിച്ച ശേഷം ലഹരി എത്തിക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങൾ കൈമാറുന്ന രീതിയിലായിരുന്നു ഇടപാട്. വിതരണക്കാർ എത്തിയാണ് ലഹരി കൈമാറിയിരുന്നത്. ഓരോ ഇടപാടിനും കമ്മിഷൻ ലഭിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

50,000 രൂപയുടെ ഇടപാടിന് 3,000 രൂപ കമ്മിഷൻ

50,000 രൂപയുടെ എംഡിഎംഎ ഇടപാടിന് 3,000 രൂപ വരെ കമ്മിഷൻ ലഭിച്ചിരുന്നുവെന്നാണ് അറസ്റ്റിലായവർ പോലീസിന് നൽകിയ മൊഴി. എന്നാൽ പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കി നിഗമനത്തിലെത്താനാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. അക്കൗണ്ടുകളിലൂടെ നടന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്.

ലഹരി ഇടപാടിനായി എത്തിയ പണം പ്രതികൾ സ്വന്തം ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നുവെന്ന സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളിലേക്കും അന്വേഷണം നീളുമോ?

അധ്യാപികമാർ പ്രതികളായതിനാൽ ഇവർക്ക് വിദ്യാർഥികളുമായോ മറ്റ് യുവാക്കളുമായോ ഉണ്ടായിരുന്ന ബന്ധങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ലഹരി ഉപയോഗത്തിലേക്കോ വിതരണ ശൃംഖലയിലേക്കോ മറ്റാരെയെങ്കിലും എത്തിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

മംഗളൂരുവിലെ ഒരു സുഹൃത്ത് വഴിയാണ് പ്രതികൾക്ക് ആദ്യമായി എംഡിഎംഎ ലഭിച്ചതെന്നാണ് വിവരം. പിന്നീട് ലഹരി ഉപയോഗത്തിൽ നിന്ന് വിൽപ്പനയിലേക്ക് ഇവർ മാറിയെന്നാണ് പോലീസിന്റെ നിഗമനം.

വലിയ ലഹരി ശൃംഖലയെന്ന് സംശയം

കേസിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ലഹരി മാഫിയയിലെ പ്രധാന കണ്ണികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

റൂറൽ എസ്പി മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അധ്യാപികമാർ ഉൾപ്പെട്ട ഈ കേസ് ജില്ലയിലെ ലഹരി ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img