
സമൂഹമാധ്യമങ്ങളിൽ റീൽസ് പങ്കുവെച്ച് സ്വകാര്യ സ്കൂളുകളെ തുടർച്ചയായി പ്രോത്സാഹിപ്പിച്ചെന്ന വിവാദത്തിൽപ്പെട്ട സർക്കാർ സ്കൂൾ അധ്യാപിക ബൂക്യ ഗൗതമി സർക്കാർ സർവീസിൽ നിന്ന് രാജിവച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡം സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ഗൗതമി 12 വർഷത്തെ സേവനത്തിനാണ് വിരാമമിട്ടത്. യുവതി തന്റെ രാജി പ്രഖ്യാപിച്ചതും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച റീൽസിലൂടെയായിരുന്നു. വിവാദത്തെ തുടർന്നുണ്ടായ അപമാനവും മാനസിക സമ്മർദവും സഹിക്കാനാവാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഗൗതമി വീഡിയോയിൽ പറയുന്നു.
സ്വകാര്യ സ്കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം നേടാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്നും സർക്കാർ സ്കൂളിലെ അധ്യാപിക എന്ന നിലയിൽ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ ഗൗതമിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഇതിന് മറുപടിയായി, റീൽസ് സ്കൂൾ സമയത്തല്ല, വീട്ടിൽവെച്ചാണ് ചിത്രീകരിച്ചതെന്നും അധ്യാപന ചുമതലകളിൽ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെന്നും ഗൗതമി വിശദീകരിച്ചു. 12 വർഷമായി ആത്മാർഥമായി സർക്കാർ സ്കൂളിൽ സേവനം അനുഷ്ഠിച്ചുവരികയാണെന്നും അവർ അവകാശപ്പെട്ടു.
എന്നാൽ അധ്യാപികയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ അധികൃതർ ഗൗതമിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് സർവീസിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് ഗൗതമി ആരോപിക്കുന്നു. ബന്ധപ്പെട്ട ഓഫീസിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്നും അവർ വീഡിയോയിൽ പറയുന്നു.
പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും സമൂഹമാധ്യമങ്ങളിലൂടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തുടർന്നും പങ്കുവെക്കുമെന്നും ഗൗതമി വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ ഗൗതമിക്ക് നിലവിൽ ഏകദേശം 3.28 ലക്ഷം ഫോളോവേഴ്‌സുണ്ട്.










