11:33am 17 May 2026
NEWS
നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ചോർത്തിയത് അധ്യാപകർ തന്നെ; കേന്ദ്രസർക്കാർ പ്രതിരോധത്തിൽ
17/05/2026  07:02 AM IST
nila
നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ചോർത്തിയത് അധ്യാപകർ തന്നെ; കേന്ദ്രസർക്കാർ പ്രതിരോധത്തിൽ

മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ കേന്ദ്രസർക്കാരിനും ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎയ്ക്കുമെതിരെ സമ്മർദം ശക്തമാകുന്നു. ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പൂനെ സ്വദേശിനിയായ ബയോളജി അധ്യാപിക മനീഷ ഗുരുനാഥിനെ സിബിഐ അറസ്റ്റ് ചെയ്തതോടെ കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്. ചോദ്യപേപ്പർ പരിഭാഷപ്പെടുത്തിയ അധ്യാപകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്ന സംഘത്തിലെ രസതന്ത്ര അധ്യാപകൻ പി.വി. കുൽക്കർണിയെയും നേരത്തേ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ മനീഷ ഗുരുനാഥ് സുവോളജി, ബോട്ടണി വിഭാഗങ്ങളിലെ ചോദ്യങ്ങൾ തയ്യാറാക്കിയ സംഘത്തിലെ അംഗമാണെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. പൂനെയിലും നാസിക്കിലുമായി പിടിയിലായ പ്രതികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകിയതും ഇവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

സംഭവം പുറത്തുവന്നതോടെ എൻടിഎയുടെ സുരക്ഷാ സംവിധാനങ്ങളെയും പ്രവർത്തന രീതികളെയും കുറിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്. എൻടിഎയിലെ ചില ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്നുവെന്ന സൂചനകളുണ്ട്. കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലേക്ക് ചോർച്ചയുടെ ബന്ധങ്ങൾ വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചോദ്യങ്ങൾ വിവർത്തനം ചെയ്ത അധ്യാപകരെയും ചില കോച്ചിങ് സെന്ററുകളെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

കേരളത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയതായി വിവരം. ഇതിനിടെ, രാജസ്ഥാനിലെ സിക്കറിൽ നീറ്റ് പരീക്ഷയെ തുടർന്ന് ഉണ്ടായ മാനസിക സമ്മർദത്തെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവവും വലിയ വിവാദമായി. പരീക്ഷ റദ്ദാക്കിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാർഥിയായ പ്രദീപ് മേഘ് വാളിന്റെ കുടുംബം ആരോപിച്ചു.

സംഭവത്തെ തുടർന്ന് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. വിദ്യാർഥികളുടെ ആത്മഹത്യയ്ക്ക് സർക്കാർ ഉത്തരവാദികളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ആരോപിച്ചു. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ തന്നെ അറസ്റ്റ് സംഘടിത അഴിമതിയുടെ തെളിവാണെന്നും കോൺഗ്രസ് വിമർശിച്ചു. വിവാദം ശക്തമായിട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോ കേന്ദ്രസർക്കാരോ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img