
സ്വന്തം വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ. ബെഗളുരുവിലാണ് സംഭവം. ശ്രീദേവി റുഡഗി എന്ന ഇരുപത്തിയഞ്ചുകാരിയാണ് അറസ്റ്റിലായത്. ഇവരുടെ സഹായികളായ രണ്ട് യുവാക്കളും അറസ്റ്റിലായിട്ടുണ്ട്. യുവതി നാലു ലക്ഷം രൂപ വാങ്ങിയെന്നും പിന്നീട് 20 ലക്ഷം രൂപ ആവശ്യപ്പെട്ട് മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന യുവാവിന്റെ പരാതിയിലാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.
2023 ലാണ് പരാതിക്കാരൻ തന്റെ അഞ്ച് വയസുകാരനായ കുട്ടിയെ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിൽ ചേർത്തത്. അഡ്മിഷൻ പ്രക്രിയയ്‌ക്കിടെ ഇരുവരും തമ്മിൽ പരിചയപ്പെട്ടുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്തു. പിന്നീട് ഇരുവരും സന്ദേശങ്ങളും സ്വകാര്യ ഫോട്ടോകളും കൈമാറാൻ തുടങ്ങി. ഇതിനിടെയാണ് ശ്രീദേവി നാല് ലക്ഷം രൂപ പരാതിക്കാരനിൽ നിന്നും വാങ്ങിയത്.
തുടർന്ന് ജനുവരിയിൽ 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ യുവാവ് വിസമ്മതിച്ചു. ഇതിനിടെ ബിസിനസ് തകർന്നതോടെ കുട്ടിയെ നാട്ടിലേക്ക് അയക്കാൻ യുവാവ് തീരുമാനിച്ചു. ടിസി വാങ്ങാൻ സ്കൂളിൽ എത്തിയ യുവാവിനെ ശ്രീദേവിയും സംഘവും ചേർന്ന് മുറിയിൽ പൂട്ടിയിട്ടു. 20 ലക്ഷം രൂപ നൽകാത്തപക്ഷം സ്വകാര്യ ഫോട്ടോകൾ കുടുംബത്തിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ബാക്കി പണം ഉടൻ നൽകാമെന്ന ഉറപ്പിൻ മേൽ രണ്ട് ലക്ഷം രൂപ കൈമാറിയതോടയാണ് യുവാവിനെ വിട്ടയച്ചത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.











