09:23am 29 July 2026
NEWS
ടിസിഎസ് മതപരിവർത്തന കേസിൽ മലേഷ്യൻ ബന്ധമുള്ള മതപ്രഭാഷകനും അന്വേഷണ പരിധിയിൽ
15/04/2026  04:49 PM IST
nila
ടിസിഎസ് മതപരിവർത്തന കേസിൽ മലേഷ്യൻ ബന്ധമുള്ള മതപ്രഭാഷകനും അന്വേഷണ പരിധിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) ബിപിഒ കേന്ദ്രവുമായി ബന്ധപ്പെട്ട മതപരിവർത്തന സംഘത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മലേഷ്യൻ ബന്ധമുള്ള മതപ്രഭാഷകനെ ചുറ്റിപ്പറ്റിയാണ് സംഘത്തിന്റെ വിദേശബന്ധം സംബന്ധിച്ച അന്വേഷണം പുരോ​ഗമിക്കുന്നത്. 

 12 ജീവനക്കാരാണ് ഇതുവരെ സംഘത്തിന്റെ ഇരകളായിട്ടുള്ളത് എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എട്ട് സ്ത്രീകളും ഒരു പുരുഷനും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഒൻപത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ലൈംഗിക പീഡനം, വിവാഹ വാഗ്ദാനം നൽകി ചതിക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.  വനിതാ പൊലീസുകാരെ ശുചീകരണ തൊഴിലാളികളായി വേഷംമാറ്റി സ്ഥാപനത്തിനകത്ത് പ്രവേശിപ്പിച്ച രഹസ്യ ഓപ്പറേഷനിലൂടെയാണ് കേസിലെ പ്രധാന വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ സ്ഥാപനത്തിനകത്ത് ഒരു സംഘം ജീവനക്കാരെ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്നുവെന്ന സംശയം ശക്തമായി.

2022 മുതൽ കഴിഞ്ഞ ചില വർഷങ്ങളായി ഇത്തരം പ്രവർത്തനങ്ങൾ നടന്നുവരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പ്രധാനമായും 18 മുതൽ 25 വയസ്സ് വരെയുള്ള യുവതികളെയാണ് ലക്ഷ്യമിട്ടതെന്നും സഹപ്രവർത്തകരുടെ സമ്മർദം മൂലം മതപരമായ ആചാരങ്ങൾ പിന്തുടരാൻ നിർബന്ധിതരാക്കിയതായും പരാതികളിൽ പറയുന്നു.

ടീം ലീഡർമാരും എഞ്ചിനീയർമാരും ഉൾപ്പെടെ ആറു പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എച്ച്ആർ മാനേജർ നിദാ ഖാൻ ഒളിവിലാണെന്നും അവരുടെ പങ്ക് സംബന്ധിച്ചും നിയമന നടപടികളിലെ വീഴ്ചകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

നാല് വനിതാ കോൺസ്റ്റബിൾമാരെ വേഷംമാറ്റി ക്യാമ്പസിനുള്ളിൽ നിയോഗിച്ചാണ് പൊലീസ് ആരോപണങ്ങൾ ശരിയാണെന്ന് സ്ഥിരീകരിച്ചത്. വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളിൽ 'ഇമ്രാൻ' എന്ന ഒരാളുടെ പേര് പരാമർശിക്കുന്നുണ്ട്. ഇയാൾക്ക് മലേഷ്യയുമായി ബന്ധമുണ്ടെന്നും വീഡിയോ കോളുകളിലൂടെ വിദേശത്തെ ഉയർന്ന ശമ്പളമുള്ള ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ച് ആളുകളെ ആകർഷിച്ചിരുന്നതായും സംശയിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img