
ഇന്ത്യൻ ഐടി മേഖലയിൽ ഏറ്റവും വലിയ തൊഴിൽദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു എന്ന റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വരുന്ന സാമ്പത്തിക വർഷം കമ്പനിയിലെ 12,200 പേർക്ക് ജോലി നഷ്ടമാകുമെന്നാണു റിപ്പോർട്ട്. മിഡിൽ, സീനിയർ മാനേജ്മെന്റ് തലത്തിലുള്ളവർക്കാണ് ജോലി നഷ്ടമാകുക എന്നും റിപ്പോർട്ടുണ്ട്. വിവിധ പ്രവർത്തനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കമ്പനി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് നിർമ്മിത ബുദ്ധി ആളുകളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമോ എന്ന ചർച്ചകൾ കൂടുതൽ സജീവമായിരിക്കുന്നത്.
രാജ്യത്തെ വമ്പൻ ഐടി കമ്പനിയായ ടിസിഎസിന് ഏകദേശം 6,13,000 ജീവനക്കാരാണുള്ളത്. വിവിധ പ്രവർത്തനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയെ കമ്പനി ഉപയോഗപ്പെടുത്തുന്നു എന്നും അതിനാൽ ജീവനക്കാരുടെ ആവശ്യമില്ലാതായി എന്നുമാണ് പ്രചരിക്കുന്ന അഭ്യൂഹം. എന്നാൽ, നിർമിത ബുദ്ധിയുടെ കടന്നു വരവാണു ജോലി വെട്ടിക്കുറയ്ക്കലിന് ഇടയാക്കിയതെന്ന വാർത്തകൾ ടിസിഎസ് അധികൃതർ നിഷേധിക്കുകയാണ്.
ഐടി മേഖലയിൽ പ്രവർത്തന രീതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ഭാവിക്കായി സജ്ജമാകേണ്ടതുണ്ടെന്നും ടിസിഎസ് സിഇഒ കെ.കൃതിവാസൻ ദേശീയമാധ്യമങ്ങളോടു പറഞ്ഞു. നിർമിതബുദ്ധിപോലുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും പ്രവർത്തന രീതികളിലെ മാറ്റങ്ങളെക്കുറിച്ചും കമ്പനി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക മേഖലകളിൽ നിക്ഷേപം നടത്താനും പുതിയ വിപണികളിൽ പ്രവേശിക്കാനും അടുത്ത തലമുറയിലേക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് കമ്പനിയുടെ ശ്രദ്ധയെന്നും അധികൃതർ പറഞ്ഞു.
കമ്പനിയുടെ സേവനങ്ങൾ തടസ്സപ്പെടാത്ത രീതിയിലായിരിക്കും തൊഴിൽ പുനക്രമീകരണം നടപ്പിലാക്കുകയെന്നു ടിസിഎസ് പ്രസ്‌താവനയിൽ വ്യക്തമാക്കി. അതേസമയം, ആഗോള തലത്തിൽ ഐടി കമ്പനികൾ ജീവനക്കാരെ കുറയ്ക്കുന്ന പ്രവണത നിലവിലുണ്ട്.











