
ന്യൂഡൽഹി: കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം ടാറ്റ ഗ്രൂപ്പ് നിഷേധിച്ചു. കേരളത്തിലോ രാജ്യത്തെ മറ്റേതെങ്കിലും ഭാഗത്തോ പുതിയ കപ്പൽ നിർമ്മാണശാല സ്ഥാപിക്കാൻ നിലവിൽ പദ്ധതികളില്ലെന്നും, ഇത്തരമൊരു നിക്ഷേപ നിർദേശം പരിഗണനയിലില്ലെന്നും ടാറ്റ അധികൃതർ വ്യക്തമാക്കി. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു കേരളത്തിൽ കപ്പൽ നിർമ്മാണ പദ്ധതിക്കായി ടാറ്റ ഗ്രൂപ്പ് അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. 10,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് സർക്കാർ ഗൗരവമായി പരിഗണന നൽകുകയാണെന്നും, ഒരു മാസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിക്കാവശ്യമായ ഭൂമി സർക്കാർ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടർന്ന് നടന്ന മാരിടൈം സെമിനാറിലും അദ്ദേഹം ഇതേ നിലപാട് ആവർത്തിച്ചു.
കേരളത്തെ സമുദ്രവ്യവസായ രംഗത്തെ പ്രധാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ 'മിഷൻ സമുദ്ര' പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് മാതൃകപ്പൽ (മദർഷിപ്പ്) നിർമ്മാണത്തിനും കപ്പൽ അറ്റകുറ്റപ്പണികൾക്കുമായി ആധുനിക കപ്പൽശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപ താൽപര്യം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശം. എന്നാൽ ടാറ്റ ഗ്രൂപ്പിന്റെ പുതിയ വിശദീകരണത്തോടെ ആ അവകാശവാദത്തെ ചൊല്ലി പുതിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.










