
കൊച്ചി: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 25 നാളെ നടക്കും. ഒക്ടോബർ 19ന് ഞായറാഴ്ച എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. സമ്മേളനത്തിൽ എസെൻസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ബംഗ്ഗാദേശ് എഴുത്തുകാരിയും ആകീറ്റിവിസ്റ്റുമായ തസ്ലീമ നസ്രീൻ ഏറ്റുവാങ്ങും.
തസ്ലീമയുടെ സ്ത്രീപക്ഷ രാഷ്ട്രീയവും, മതനിഷേധവും, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവും കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്, കേരളത്തിലെ മതഭീകരതയുടെ ജീവിക്കുന്ന തെളിവായ പ്രൊഫ ടി.ജെ. ജോസഫിൽ നിന്നാണ് തസ്ലീമ അവാർഡ് സ്വീകരിക്കുക. തുടർന്ന് അവർ സദസ്സിനെ അഭിസംബോധന ചെയ്യും.
മൂന്ന് സംവാദങ്ങൾ, ചർച്ചകൾ
ഇത്തവണ മൂന്ന് സംവാദങ്ങളാണ് ലിറ്റ്മസിനെ വേറിട്ടതാക്കുന്നത്. രാവിലെ 8.30ന് നടക്കുന്ന 'ഹോമിയോ കപടമോ' എന്ന സംവാദത്തിൽ ഒരു എക്സ് ഹോമിയോ ഡോക്ടർ കൂടിയായ സ്വതന്ത്രചിന്തകൻ ആരിഫ് ഹുസൈൻ തെരുവത്തും, ഹോമിയോ പ്രാക്ടീഷ്ണർ ഡോ പി സബിൽരാജും മാറ്റുരക്കും. എം റിജു മോഡറേറ്ററായിരിക്കും.
'ഭീതി ദിവസം അനുസ്മരിക്കണോ' എന്ന തലക്കെട്ടിൽ, എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രനും, സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കരുമാണ് സംവാദം നടത്തുന്നത്.
ഇന്ത്യാ-പാക് വിഭജന ഭീകരതയുടെ ഓർമ്മ ദിനം ആഘോഷിക്കണമോ എന്നതാണ് ചർച്ചചെയ്യുന്നത്. രാവിലെ 11.26ന് നടക്കുന്ന ഈ സംവാദത്തിൽ ഹരീഷ് തങ്കം മോഡറേറ്റായിരിക്കും. വൈകീട്ട് 6.11ന് നടക്കുന്ന മൂന്നാമത്തെ സംവാദത്തിൽ 'ഗാസയിൽ നടക്കുന്നത് വംശഹത്യയോ' എന്നതാണ് വിഷയം. സി രവിചന്ദ്രനും, ഇടത് സാംസ്ക്കാരിക പ്രവർത്തകനായ അഡ്വ. ബി എൻ ഹസ്ക്കറുമാണ് ഇതിൽ പങ്കെടുക്കുന്നത്. സുശീൽ കുമാർ മോഡറേറ്ററായിരിക്കും.
രാവിലെ 10.18ന് നടക്കുന്ന മുഖാമുഖത്തിലാണ് രമേഷ് പിഷാരടി, പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പ്രവീൺ രവിക്കൊപ്പം പങ്കെടുക്കുന്നത്. ഉച്ചക്ക് 2.08ന് നടക്കുന്ന 'മതവും ജാതിയും പഞ്ചായത്ത് മുതൽ യു.എൻവരെ' എന്ന ടോക്ക് ഷോയിലാണ് അഡ്വ. ജയശങ്കർ പങ്കെടുക്കുന്നത്. സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ അഭിലാഷ് കൃഷ്ണൻ ഈ പരിപാടിയിൽ ഒപ്പമുണ്ടാവും.
ലിറ്റ്മസ് 25 വേദിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് 'ജീൻ ഓൺ' എന്ന പരിണാമം സംബന്ധിച്ച ചോദ്യോത്തര പരിപാടി. സദസ്യരുടെ ചോദ്യങ്ങൾക്ക് ഡോക്ടർ ദിലീപ് മമ്പള്ളിൽ, ഡോക്ടർ പ്രവീൺ ഗോപിനാഥ്, കൃഷ്ണപ്രസാദ് എന്നിവർ മറുപടി നൽകും. ടി.ആർ. ആനന്ദ് മോഡറേറ്ററായിരിക്കും. തുടർന്ന് നടക്കുന്ന 'ബ്ലാസ്ഫെമി' എന്ന പാനൽ ഡിസ്ക്കഷനിൽ, ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ കൈ വെട്ടിമാറ്റപ്പെട്ട, പ്രൊഫസർ ടി ജെ ജോസഫ്, അഡ്വ അനിൽകുമാർ, ജാഫർ ചളിക്കോട് എന്നിവർ പങ്കെടുക്കും. യാസിൻ ഒമർ മോഡറേറ്റാറായിരിക്കും.
ഈ വർഷത്തെ മികച്ച ഫ്രീതിങ്കറിനുള്ള എസെൻസ് പ്രൈസ് ആരിഫ് ഹുസൈൻ തെരുവത്തിനാണ് സമ്മാനിക്കുന്നത്. മത-രാഷ്ട്രീയ വിഷയങ്ങളിലെ വിമർശനാത്മക നിലപാടുകളും, പൊതുസമൂഹത്തിൽ അറിവിന്റെയും യുക്തിയുടെയും പ്രചാരണത്തിനായി നടത്തിയ ശ്രമങ്ങളുമാണ് ആരിഫ് ഹുസൈൻ തെരുവത്ത് എസെൻസ് പ്രൈസിന് അർഹനായത്. 30,000 രൂപയുടെ കാഷ് അവാർഡും എസെൻസ് മെഡാലിയനുമാണ് ആരിഫിന് ലഭിക്കുന്നത്. സ്വതന്ത്രചിന്തയും ശാസ്ത്രബോധവും വളർത്താൻ യത്നിക്കുന്നവർക്കുള്ള
യങ്് ഫ്രീ തിങ്കർ അവാർഡ് ഇത്തവണ പ്രസാദ് കെ പി, രാകേഷ് വി എന്നിവർക്കാണ്. 25000 രൂപയുടെ കാഷ് അവാർഡും എസെൻസ് മെഡാലിയനുമാണ് സമ്മാനം. ഇവർക്കമുള്ള ഇവർക്ക് എല്ലാവർക്കുമുള്ള പുരസ്ക്കാരങ്ങൾ ലിറ്റ്മസ് വേദിയിൽ വിതരണം ചെയ്യും.
ലോകത്തിലെതന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനം എന്ന ടാഗ് ലൈനിൽ നടത്തപ്പെടുന്ന, ലിറ്റ്മസിന്റെ ആറാമത്തെ എഡിഷനാണ് ഇപ്പോൾ നടക്കുന്നത്. ആദ്യമായി 2018-ൽ തിരുവനന്തപുരത്തും, 2019-ൽ കോഴിക്കോടുമാണ് നടന്നത്. കോവിഡ് മൂലം മാറ്റിവെക്കപ്പെട്ട രണ്ടുവർഷങ്ങൾക്കുശേഷം ലിറ്റ്മസ് 22 കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. തുടർന്ന് തിരുവന്തപുരത്തും, കോഴിക്കോടും നടന്നശേഷം, വീണ്ടും ലിറ്റ്മസ് കൊച്ചിയിൽ തിരിച്ചെത്തുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്
എം റിജു- 9645006727











