
ധാക്ക: 17 വർഷത്തെ വിദേശവാസത്തിനുശേഷം ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ബംഗ്ലദേശിലേക്ക് തിരിച്ചെത്തുകയാണ്. രാജ്യത്തെ രാഷ്ട്രീയ രംഗം കലുഷിതമായിരിക്കുന്ന സാഹചര്യത്തിൽ താരിഖിന്റെ മടങ്ങിവരവിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അസുഖ ബാധിതയായി ആശുപത്രിയിൽ കഴിയുന്ന മതാവ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ സന്ദർശിച്ച ശേഷം വരുന്ന പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളിലേക്കാകും താരിഖ് റഹ്മാൻ വ്യാപൃതനാകുക.
താരിഖിന്റെ മടങ്ങിവരവ് പ്രമാണിച്ച് ബംഗ്ലാദേശിലെങ്ങും അതീവ ജാഗ്രതയിലാണ്. ഹസ്രത് ഷാ ജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രക്ഷോഭം നിയന്ത്രിക്കാനും, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും പൂർണ സുരക്ഷാ നടപടികൾ നടപ്പാക്കി. ഫെബ്രുവരിയിൽ നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) അദ്ദേഹം നേരിട്ടു നയിക്കുമെന്നാണ് റിപ്പോർട്ട്. താരിഖ് ബംഗ്ലാദേശിൻറെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
മുൻ പ്രസിഡൻറ് സിയാവുർ റഹ്മാൻറെയും മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദ സിയയുടെയും മകനായ താരിഖിന് ‘കീരിടാവകാശി’ എന്നു വിളിപ്പേരുണ്ട്. 2000ലാണ് അദ്ദേഹം ബിഎൻപി നേതൃനിരയിലെത്തിയത്. ഷേഖ് ഹസീന ഭരണകൂടത്തിൻറെ കാലത്ത് അദ്ദേഹത്തിന് 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു.
2008ൽ ജയിൽമോചിതനായപ്പോൾ കുടുംബത്തൊടൊപ്പം ലണ്ടനിലേക്കു കുടിയേറി. അമ്മ ഖാലിദ സിയയെ ഹസീന ഭരണകൂടം ജയിലിൽ അടച്ചപ്പോൾ താരിഖ് ലണ്ടനിലിരുന്ന് ബിഎൻപിയെ നയിച്ചു. ഖാലിദ സിയയ്ക്കു രോഗം മൂർച്ഛിച്ചപ്പോൾ താറിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ മടക്കം നീണ്ടു.
വിദ്യാർഥിപ്രക്ഷോഭത്തിൽ ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്കു വൻ വിജയമാണ് പ്രതീക്ഷിക്കപ്പെടുന്നത്.











