04:05am 15 September 2026
NEWS
താരിഖ് റഹ്മാൻ: ബംഗ്ലാദേശിൽ പുതിയ പരീക്ഷണകാലം
28/02/2026  12:50 PM IST
കല്ലമ്പലം അൻസാരി
താരിഖ് റഹ്മാൻ: ബംഗ്ലാദേശിൽ പുതിയ പരീക്ഷണകാലം

ബംഗ്ലാദേശിൽ (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) ബി.എൻ.പി അധികാരത്തിലെത്തി. പാർട്ടി നേതാവായ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. നീണ്ട ഒരു കാൽനൂറ്റാണ്ടിന് ശേഷമാണ് ബി.എൻ.പി ബംഗ്ലാദേശിൽ അധികാരത്തിലെത്തുന്നത്. 2001 ൽ 300 സീറ്റുകളിൽ 193 സീറ്റ് നേടി അധികാരത്തിലെത്തിയ ഖാലിദ സിയ ആയിരുന്നു ബി.എൻ.പിയുടെ അവസാന പ്രധാനമന്ത്രി. ആ ഭരണം തകർന്നശേഷം 2024 വരെ ഷേക്ക് ഹസീന നയിച്ച അവാമി ലീഗായിരുന്നു ബംഗ്ലാദേശിന്റെ ഭരണം കയ്യടക്കിവച്ചിരുന്നത്. ഈ കാലഘട്ടത്തിൽ ഒരു വലിയ നീണ്ടകാലം താരിഖ് റഹ്മാന്റെ മാതാവായ ഖാലിദ സിയ ജയിലഴികൾക്കുള്ളിലായിരുന്നു. 2024 ൽ ജെൻസീ കലാപത്തെ തുടർന്ന് ഹസീന അട്ടിമറിക്കപ്പെടുകയും, ഇൻഡ്യയിലേക്ക് പാലായനം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ഖാലിദ സിയ തടവറയിൽ നിന്ന് പുറത്തുവരുന്നത്. തന്റെ കക്ഷി തെരഞ്ഞെടുപ്പിൽ  വൻഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നത് കാണാനുള്ള സൗഭാഗ്യം ലഭിക്കാതെ ഖാലിദ സിയ ലോകത്തോട് വിട പറഞ്ഞു. അങ്ങനെ ഇപ്പോൾ അധികാരം മകനായ താരിഖ് റഹ്മാന്റെ കൈകളിലേക്ക് അനായാസം ചെന്നെത്തിയിരിക്കുന്നു.

താരിഖ് റഹ്മാന്റെ ബി.എൻ.പിക്ക് തെരഞ്ഞെടുപ്പിൽ കൂറ്റൻ ഭൂരിപക്ഷം ലഭിച്ചത് ശക്തമായ എതിരാളികൾ ഇല്ലാതിരുന്നതുകൊണ്ടാണെന്ന് വ്യക്തമാണ്. ബംഗ്ലാദേശ് വിമോചനത്തിന് ശേഷം ഷേക്ക് മുജിബുർ റഹ്മാന്റെ അവാമി ലീഗ് എതിർക്കപ്പെടാത്ത രാഷ്ട്രീയ ശക്തിയായാണ് ബംഗ്ലാദേശിൽ നിലനിന്നിരുന്നത്. സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സിയാവുർ റഹ്മാനാണ് 1978 ൽ ബി.എൻ.പി സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ഖാലിദ സിയ മൂന്ന് ദശാബ്ദത്തോളം ബി.എൻ.പിയെ നയിച്ചു. അന്നെല്ലാം ബി.എൻ.പിയും ഷേക്ക് ഹസീനയുടെ അവാമി ലീഗും പരസ്പരം നേരിട്ട് കൊമ്പുകോർക്കുന്ന തെരഞ്ഞെടുപ്പുകളാണ് ബംഗ്ലാദേശ് കണ്ടത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ ഷേക്ക് ഹസീനയും, അവാമിലീഗും മത്സരരംഗത്തുണ്ടായില്ല. അവാമി ലീഗിനെ നിരോധിച്ചുകൊണ്ട് ബി.എൻ.പിക്ക് അനായാസേന തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കാൻ പറ്റിയ അവസരമായിരുന്നു ഇത്. ബി.എൻ.പിയുടെ മുഖ്യഎതിരാളികളായി രംഗത്തുണ്ടായിരുന്നത് ജമാഅത്തെ ഇസ്ലാമിയായിരുന്നു. അവർ നയിച്ച പതിനൊന്ന് കക്ഷികളുടെ മുന്നണിയാണ് ബി.എൻ.പിയെ നേരിട്ടത്. അതിൽ ഷേക്ക് ഹസീനയെ അട്ടിമറിച്ച പ്രക്ഷോഭത്തിൽ പ്രധാന പങ്കാളികളായവർ ചേർന്ന് രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടി(എൻ.സി.പി)യും ഒരു കക്ഷിയായിരുന്നു. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വലിയ വേരോട്ടമില്ലാത്ത ഈ കക്ഷികൾ എല്ലാം കൂടി ഒത്തുചേർന്ന് പിടിച്ചിട്ടും ബി.എൻ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നത് തടയാനായില്ല.

ഷേക്ക് ഹസീനയോട് ഏറ്റുമുട്ടി നിരവധി വർഷം ജയിലിൽ കിടന്ന ഖാലിദ സിയ 2025 ഡിസംബറിലാണ് മരണപ്പെട്ടത്. ആ വിയോഗം ബി.എൻ.പിക്ക് അനുകൂലമായ ഒരു സഹതാപതരംഗം സൃഷ്ടിക്കാൻ ഇടയായിട്ടുണ്ട്. ഷേക്ക് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭകാരികൾ ഉയർത്തിക്കൊണ്ടുവന്ന വെറുപ്പിന്റെ തരംഗവും തെരഞ്ഞെടുപ്പിൽ ആഞ്ഞുവീശി. എന്നിട്ട് വെറും 59 ശതമാനം പേരെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുള്ളൂ. പതിനേഴ് വർഷത്തെ പ്രവാസജീവിതത്തിനുശേഷം ബംഗ്ലാദേശിലെത്തിയ താരിഖ് റഹ്മാന്റെ പുത്തൻ മുഖവും തെരഞ്ഞെടുപ്പിൽ അനുകൂലഘടകമായി. ഷേക് ഹസീനയ്‌ക്കെതിരെ നേരിട്ട് രംഗത്തിറങ്ങി പ്രക്ഷോഭം നയിച്ച് പുറത്താക്കിയിട്ടും ജമാഅത്തെ ഇസ്ലാമിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വെറും 77 സീറ്റുകളെ അവർക്ക് ലഭിച്ചുള്ളൂ. സഖ്യകക്ഷികളിൽ പ്രധാനിയായ എൻ.സി.പിക്ക് ആറ് സീറ്റുകളും. പരമ്പരാഗതമായി അടിയുറച്ച അവാമിലീഗ്, ബി.എൻ.പി രാഷ്ട്രീയ സംസ്‌ക്കാരത്തിന് ഇപ്പോഴും ബംഗ്ലാദേശിൽ അടിയുറച്ച പേരുകളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

17 കൊല്ലം നീണ്ട പ്രവാസത്തിനുശേഷം ഇപ്പോൾ തിരിച്ചെത്തി പ്രധാനമന്ത്രിപദം ഏറ്റെടുത്തിരിക്കുന്ന താരിഖ് റഹ്മാന് ഈ പുതിയ പദവി വലിയ വെല്ലുവിളി തന്നെയാണ്. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഒട്ടും അനുഭവസമ്പത്തുള്ള ആളല്ല താരിഖ് റഹ്മാൻ. ഇപ്പോൾ മറുവശത്തെ പ്രധാന എതിരാളിയായി രംഗത്തുള്ളത് ജമാഅത്തെ ഇസ്ലാമിയും, ഹസീനയെ അട്ടിമറിച്ച പ്രക്ഷോഭകരുമാണ്. മതം മൂലധനമാക്കിയ ജമാഅത്തെ ഇസ്ലാമിക്ക് ആ വികാരം തന്നെ എടുത്തുപയോഗിച്ച് ഏത് നിമിഷവും താരിഖ് റഹ്മാന് ചെക്ക് വയ്ക്കാനാവും. കലാപം നടത്തി പരിചയമുള്ളവരുടെ സംഘടനകളും ജമാഅത്തെ ഇസ്ലാമിയുടെ കക്ഷത്ത് ഇപ്പോഴുമുള്ളത് താരിഖ് റഹ്മാന് വെല്ലുവിളിയാണ്.

ഷേക്ക് ഹസീനയെ അട്ടിമറിച്ച് പുതിയ ഇതിഹാസമെഴുതിയ ജമാഅത്തെ ഇസ്ലാമിയും, പ്രക്ഷോഭ സംഘടനകളും ബംഗ്ലാദേശ് രാഷ്ട്രീയത്തിന് പുത്തൻ വ്യാഖ്യാനങ്ങളും വിരചിച്ചിട്ടുണ്ട്. യുവ പ്രക്ഷോഭകരെ ജെൻസീ എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും അവരുടെ അടിസ്ഥാന മൂല്യം മതം തന്നെയാണ്. വലിയ സാംസ്‌ക്കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന ബംഗാളികളുടെ ആ പഴയ പാരമ്പര്യമല്ല യുവപ്രക്ഷോഭകർ ഇന്ന് പിന്തുടരുന്നത്. ഇസ്ലാമിന്റെ ഐഡന്റിറ്റിയാണ് അവരുടെ പുതിയ സ്വത്വബോധം. ജമാഅത്ത് ഇസ്ലാമിയുടെ യുവവിഭാഗവും ഈ വിശ്വാസങ്ങളുമായി ശക്തമായി രംഗത്തുണ്ട്. ഒരു ഇസ്ലാമിക രാഷ്ട്രമായി ബംഗ്ലാദേശിനെ വിഭാവനം ചെയ്ത് മാറ്റിമറിക്കാൻ ഈ പ്രക്ഷോഭക്കൂട്ടങ്ങൾ രംഗത്തുവരാൻ മടിക്കില്ലെന്ന് വ്യക്തമാണ്.

ബി.എൻ.പിയുടെ ലീഡറായി ആദ്യമായി രംഗത്ത് വരികയും, പാർട്ടിയെ നയിക്കുകയും ചെയ്യുന്ന താരിഖ് റഹ്മാന് വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ഹിതപരിശോധനയ്ക്കും ബംഗ്ലാദേശ് സമ്മതിദായകർ വോട്ട് ചെയ്തിരുന്നു. ഭരണതലത്തിൽ ഒട്ടേറെ പരിഷ്‌ക്കാരങ്ങൾക്ക് വഴിവയ്ക്കാവുന്ന ഭരണഘടനയുടെ ഒരു ഹിതപരിശോധനയായിരുന്നു അത്. പ്രധാനമന്ത്രിയുടെ അവസരം ഒരാൾക്ക് രണ്ടുതവണ മാത്രമെന്ന് പരിമിതപ്പെടുത്തുന്നതാണ് ഒരു സുപ്രധാന ഭരണഘടനാ നിർദ്ദേശം. നീതിന്യായ സംവിധാനങ്ങളെ കൂടുതൽ ഇടപെടലുകൾക്ക് സാധ്യമാക്കി സംരക്ഷിക്കുന്ന വ്യവസ്ഥകളും നിർദ്ദേശത്തിലുണ്ട്. പ്രസിഡന്റിന് കൂടുതൽ അധികാരങ്ങളും പ്രതിപക്ഷത്തിന് പാർലമെന്റ് സമിതികളിൽ നിയന്ത്രണാവകാശങ്ങളും ഹിതപരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പുതിയ ഭരണഘടനാ നിർദ്ദേശങ്ങൾ ചടുലമായി പ്രാവർത്തികമാക്കാനുള്ള ഉത്തരവാദിത്വം താരിഖ് റഹ്മാന്റെ ചുമലിലാണ്.

ബംഗ്ലാദേശിന്റെ സാമ്പത്തിക വളർച്ച, കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കടുത്ത തൊഴിലില്ലായ്മ എന്നിവയൊക്കെ താരിഖ് റഹ്മാന്റെ മുന്നിലുള്ള വലിയ വെല്ലുവിളികളാണ്. ലോകത്ത് ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളിൽ ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനം ബംഗ്ലാദേശിനാണ്. യൂറോപ്പിലെയും, അമേരിക്കയിലെയും ഒക്കെ വൻകിട തുണിക്കച്ചവട സ്ഥാപനങ്ങളിലേക്ക് 'മേയ്ഡ് ഇൻ ബംഗ്ലാദേശ്' വസ്ത്രങ്ങളാണ് ബ്രാൻഡ് ലേബലുകൾ ഒട്ടിച്ച് വ്യാപാരത്തിനെത്തുന്നത്. പതിനായിരക്കണക്കിന് ബംഗ്ലാദേശികൾക്ക് തൊഴിൽ കൊടുക്കുന്ന വസ്ത്രനിർമ്മാണശാലകൾ ബംഗ്ലാദേശിലെമ്പാടുമുണ്ട്. ഈ വ്യാപാരം മെച്ചപ്പെടുത്തുകയും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം പുതിയ സർക്കാരിനാണ്. ഷേക്ക് ഹസീനയെ അട്ടിമറിച്ച പ്രക്ഷോഭകാലത്തിനുശേഷം ബംഗ്ലാദേശിലെ ക്രമസമാധാനരംഗത്ത് ഒട്ടേറെ അപഭൃംശങ്ങൾ സംഭവിച്ചിട്ടുണ്ട്. അതൊക്കെ തിരുത്തി ക്രമസമാധാന നില മെച്ചപ്പെടുത്തിയാൽ മാത്രമേ താരിഖ് റഹ്മാന് അനായാസം മുന്നോട്ടുപോകാൻ കഴിയൂ.

അന്തർദേശീയ തലത്തിൽ താരിഖ് റഹ്മാന്റെ ഏറ്റവും വലിയ വെല്ലുവിളി ഇൻഡ്യയുമായുള്ള ബന്ധവും, സഹകരണവുമാണ്. ഷേക്ക് ഹസീനയ്ക്ക് അഭയം കൊടുത്തതുകൊണ്ട് ഇൻഡ്യക്കെതിരായ ശക്തമായ ഒരു വികാരം ബംഗ്ലാദേശിലുണ്ട്. ജമാഅത്തെ ഇസ്ലാമിയും ഷേക്ക് ഹസീന വിരുദ്ധ പ്രക്ഷോഭകരും ചേർന്ന് വളർത്തിയെടുത്ത ഈ വികാരം പ്രകടമായി നിലനിർത്തുന്നതിനുള്ള അജണ്ട അവർ തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ബംഗ്ലാദേശിലെ സാധാരണജനങ്ങളുടെ അടിത്തട്ടിൽ ഇത്തരമൊരു വികാരം  നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഷേക് ഹസീനയെ തിരിച്ചുകിട്ടണമെന്ന ആവശ്യം താരിഖ് റഹ്മാൻ സമ്മർദ്ദമാക്കിയാൽ പ്രശ്‌നപരിഹാരം കലുഷിതമാകും. പരമ്പരാഗതമായി ഇൻഡ്യയുമായി നിലനിർത്തിപ്പോകുന്ന ബംഗ്ലാദേശിന്റെ ബന്ധം അത്ര വേഗം പറിച്ചെറിഞ്ഞ് പുതിയ വഴികൾ തേടുക താരിഖ് റഹ്മാന് എളുപ്പമല്ല. ചൈനയുടേയും, പാകിസ്ഥാന്റെയും ഉപഗ്രഹമായി ബംഗ്ലാദേശ് മാറണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി സാമ്പത്തികവും, സൈനികവുമായ ഒട്ടേറെ ഓഫറുകൾ ബംഗ്ലാദേശിന്റെ മേശപ്പുറത്തുണ്ട്. ആ പ്രലോഭനത്തിൽ വീണു ഇൻഡ്യാ ബന്ധം വഷളാക്കാൻ താരിഖ് റഹ്മാൻ രണ്ടാമതും മൂന്നാമതും ഇരുത്തിച്ചിന്തിക്കേണ്ടി വരും.

ഷേക് ഹസീനയ്ക്കും, അവാമി ലീഗിനും തുല്യാവസരം നൽകിക്കൊണ്ടുള്ള ഒരു പൊതുതെരഞ്ഞെടുപ്പല്ല ബംഗ്ലാദേശിൽ നടന്നത്. അവാമി ലീഗ് നിരോധിക്കപ്പെട്ട സംഘടനയാണ്. എന്നാൽ ബംഗ്ലാദേശിലെ ജനവിഭാഗങ്ങൾക്കിടയിൽ അവർക്കുള്ള സ്വാധീനം അപ്പാടെ ഒഴുകിപ്പോയിട്ടുണ്ടെന്ന് വിശ്വസിക്കാൻ ആവില്ല. അവാമിലീഗിന് മത്സരിക്കാൻ അവകാശം നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ അവർ തെരഞ്ഞെടുപ്പിൽ അടിതെറ്റിയേനെ. എന്നാൽ നിർണ്ണായകമായ ഒരു വോട്ട് നിലവാരം നിലനിർത്താൻ അവർക്ക് കഴിയുമായിരുന്നു. 

ബി.എൻ.പിയുടെ ഇപ്പോഴത്തെ വൻവിജയം ഖാലിദ സിയയ്ക്ക് ലഭിച്ച സഹതാപ തരംഗമായിരുന്നു. ഈ പ്ലേറ്റ് നാളെ തിരിച്ച് വീണുകൂടെന്നില്ല. ഷേക് ഹസീന വിചാരിച്ചാലും ഈ അനുകമ്പതരംഗം നാളെ ഒരിക്കൽ അവർക്കനുകൂലമായി മാറ്റിയെടുക്കാൻ കഴിയും. ഇപ്പോൾ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവാമി ലീഗ് മണ്ണടിഞ്ഞിട്ടില്ല. അതുകൊണ്ട് അവരെ എന്നന്നേക്കുമായി എഴുതിത്തള്ളാൻ ബംഗ്ലാദേശ് രാഷ്ട്രീയ ചരിത്രം ആരെയും അനുവദിക്കുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img