02:12pm 01 May 2026
NEWS
കേരളത്തിലെ മുഖ്യമന്ത്രി പദത്തിന് കെ സി വേണു​ഗോപാൽ യോ​ഗ്യനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം
01/05/2026  12:43 PM IST
NILA
കേരളത്തിലെ മുഖ്യമന്ത്രി പദത്തിന് കെ സി വേണു​ഗോപാൽ യോ​ഗ്യനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം

ന്യൂഡൽഹി: കെസി വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രി പദത്തിന് യോഗ്യനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ.  കെ സി വേണു​ഗോപാൽ അനുഭവ സമ്പത്തുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണു​ഗോപാലിന് അങ്ങനെയൊരു ആ​ഗ്രഹമുണ്ടെങ്കിൽ അം​ഗീകരിക്കേണ്ടതാണെന്നും മുൻപ് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറിയായിരുന്ന താരിഖ് അൻവർ വ്യക്തമാക്കി. 

ഒരു സ്വകാര്യ വാർത്താചാനലിനോടായിരുന്നു താരിഖ് അൻവറിന്റെ  പ്രതികരണം. കെസി കേരള രാഷ്ട്രീയത്തിൽ സജീവമാണെന്നും  താരിഖ് അൻവർ ചൂണ്ടിക്കാട്ടി. അദ്ദേഹം കേരളത്തിലേക്ക് പോയാൽ ദേശീയ നേതൃത്വത്തിൽ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

'കെസി വേണുഗോപാൽ കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയുണ്ടാവില്ല. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ നിരവധി പേരുണ്ട്. 12 ജനറൽ സെക്രട്ടറിമാരുണ്ട്. സംഘടനാ ചുമതല കിട്ടുന്നതിന് മുമ്പ് കെസി ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമായിരുന്നു. രാഹുലിന്റെ തീരുമാനം നിർണായകമാണ്. അദ്ദേഹത്തിന്റെ മനസിൽ എന്താണെന്ന് അറിയില്ല. കെസിക്ക് ആഗ്രഹമുണ്ടെങ്കിൽ അംഗീകരിക്കേണ്ടതാണ്'- താരിഖ് അൻവർ പറഞ്ഞു.

അതേസമയം, എട്ട് എക്സിറ്റ് പോൾ സർവേകളിലും അനുകൂല പ്രവചനം വന്നതോടെ, തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ആവേശത്തോടെ ഉറ്റുനോക്കുകയാണ് യു.ഡി.എഫ്. പ്രവചനങ്ങൾ പാളിയില്ലെങ്കിൽ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തിൽ എത്തും. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് ഒറ്റതിരിഞ്ഞ ചില അവകാശവാദങ്ങൾ ഉന്നയിച്ചതൊഴിച്ചാൽ, എൽ.ഡി.എഫ് ക്യാമ്പ് മൗനത്തിലാണ്. ബി.ജെ.പിയും കാര്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img