04:06am 11 November 2026
NEWS
അമേരിക്കയിലെ ആഡംബര കടയിൽ നിന്ന് ഇന്ത്യൻ യുവതി മോഷ്ടിച്ചത് ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ
21/07/2025  11:00 AM IST
nila
അമേരിക്കയിലെ ആഡംബര കടയിൽ നിന്ന് ഇന്ത്യൻ യുവതി മോഷ്ടിച്ചത് ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ

അമേരിക്കയിലെ ഒരു ആഡംബര കടയിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഇന്ത്യൻ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സന്ദർശക വീസയിലെത്തിയ യുവതിയെയാണ് പൊലീസ് പിടികൂടിയത്. അമേരിക്കയിലെ ഇല്ലിനോയിയിലുള്ള ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് യുവതി പിടിയിലായത്. മണിക്കൂറുകളോളം ഈ സൂപ്പർമാർക്കറ്റിൽ സമയം ചിലവഴിച്ച യുവതിയുടെ പെരുമാറ്റത്തിൽ ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു. 

 ഏഴ് മണിക്കൂറിലധികമാണ് യുവതി ഈ സൂപ്പർമാർക്കറ്റിൽ ചിലവഴിച്ചത്. യുവതിയുടെ സംശയാസ്പദമായ പെരുമാറ്റത്തെത്തുടർന്നാണ് ജീവനക്കാർ നിരീക്ഷിച്ചത്. ഏകദേശം 1300 ഡോളർ വിലമതിക്കുന്ന സാധനങ്ങൾ (ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) യുവതി മോഷ്ടിച്ചു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എടുത്ത സാധനങ്ങളുടെ പണം നൽകാതെ പുറത്തുപോകാൻ തുടങ്ങിയതോടെയാണ് യുവതിയെ സുരക്ഷാ ജീവനക്കാർ തടഞ്ഞതും പൊലീസിനെ വിവരം അറിയിച്ചതും. 

സൂപ്പർമാർക്കറ്റിലെ ജീവനക്കാരൻ യുവതിയെ ദീർഘനേരം നിരീക്ഷിക്കുന്നതായും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചതായും ആരോപിക്കുന്ന ദൃശ്യങ്ങൾ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. യുവതി ഈ സാധനങ്ങൾക്ക് പണം നൽകാമെന്ന് പൊലീസിനോട് പറയുന്നുണ്ട്. 

‘‘ഞാൻ ഈ രാജ്യത്ത് നിന്നുള്ള വ്യക്തിയല്ല. ഇവിടെ ദീർഘനാൾ തുടരാൻ പോകുന്നില്ല’’ എന്നും അവർ പറഞ്ഞു. നിങ്ങൾക്ക് ഇന്ത്യയിൽ സാധനങ്ങൾ മോഷ്ടിക്കാൻ അനുവാദമുണ്ടോയെന്ന് ഈ സമയത്ത് ഒരു വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ യുവതിയോട് ചോദിക്കുന്നു.  അങ്ങനെ ഉണ്ടെന്ന് ഞാൻ കരുതുന്നില്ലെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ ടാർഗറ്റ് സ്റ്റോർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img