
താനൂരിൽനിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളും മുംബൈയിൽ എത്തിയെന്ന് പൊലീസ് കണ്ടെത്തി. മുംബൈയിലെ പനവേലിലുള്ള ഒരു ബ്യൂട്ടി പാർലറിൽ പെൺകുട്ടികളെത്തിയ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവിടെയെത്തി മുടി ട്രിം ചെയ്ത പെൺകുട്ടികൾ മുംബൈ സി.എസ്.ടി. റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. മുംബൈ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടെത്താനാണ് ശ്രമം.
എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് രണ്ട് പെൺകുട്ടികളും മുംബൈയിലെത്തിയതെന്നാണ് വിവരം. രണ്ട് പെൺകുട്ടികളുടെയും മൊബൈൽ ഫോണിലേക്ക് ഇയാൾ വിളിച്ചതിന് ശേഷമാണ് പെൺകുട്ടികളെ കാണാതായത് എന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇയാളുടെ ടവർ ലൊക്കേഷൻ മുംബൈയിലാണെന്നും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരിക്കുന്നത്.
താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ബുധനാഴ്ച മുതൽ കാണാതായത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവിവരം അധ്യാപകർ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് താനൂർ പോലീസിൽ പരാതി നൽകിയത്.











