12:48am 28 June 2026
NEWS
താനൂരിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയും മുംബൈയിൽ നിന്നും കണ്ടെത്തി

07/03/2025  06:38 AM IST
nila
താനൂരിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയും മുംബൈയിൽ നിന്നും കണ്ടെത്തി

മുംബൈ: താനൂരിൽനിന്നു കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർത്ഥിനികളെ കണ്ടെത്തി. മുംബൈ സിഎസ്‌എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ലോണാവാല സ്റ്റേഷനിൽ വെച്ചാണ് ആർപിഎഫ് കണ്ടെത്തിയത്. രാത്രിയിൽ തന്നെ ഇരുവരെയും പൂനെയിലേക്ക് മാറ്റി. ഇന്ന് പൂനെയിലെത്തുന്ന കേരള പൊലീസിന് പെൺകുട്ടികളെ കൈമാറും. പെൺകുട്ടികൾ മുംബൈയിൽ എത്തിയിരുന്നെന്ന് നേരത്തേ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. 

വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താൽപര്യമില്ലെന്നും പെൺകുട്ടികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞെന്നാണ് റിപ്പോർട്ട്. അതേസമയം, കേരള പൊലീസ് പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ചിരുന്നു. കുട്ടികൾ പൂർണ സുരക്ഷിതരാണെന്നും ഇന്നു തന്നെ വീട്ടിലെത്തിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ബുധനാഴ്ച ഉച്ചയ്ക്കു 12നാണു താനൂർ മേഖലയിലെ സ്കൂളിന്റെ പരിസരത്തുനിന്ന് കുട്ടികളെ കാണാതായത്. പഠനത്തിൽ സവിശേഷ സഹായം ആവശ്യമുള്ള ഇരുവരും സ്ക്രൈബിന്റെ സഹായത്തോടെയാണു പരീക്ഷയെഴുതുന്നത്. പരീക്ഷയ്ക്കു പോകുന്നെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങിയ ഇരുവരും സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതർ വീട്ടിലേക്കു വിളിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്.

കുട്ടികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടരുന്നതിനിടെ, മുംബൈ ഛത്രപതി ശിവാജി ടെർമിനസിനു സമീപമുള്ള മലയാളിയുടെ സലൂണിൽ ഇവർ എത്തിയതായി കണ്ടെത്തിയിരുന്നു. സലൂണിൽ എത്തിയ ഇരുവരും മുടിവെട്ടാനും ഷാംപു ചെയ്യാനുമായി ഏറെ സമയം അവിടെ ചെലവഴിച്ചു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ഇവർക്കൊപ്പം ഉണ്ടായിരുന്നതായി അറിയുന്നു. പൊലീസ് മുംബൈ മലയാളികൾക്കു വിവരം കൈമാറിയെങ്കിലും അവർ എത്തിയപ്പോഴേക്കും പെൺകുട്ടികൾ കടന്നുകളയുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img